നാടിന്റെ വികസനം ലക്ഷ്യമാക്കി ആസൂത്രണം ചെയ്യുന്ന പദ്ധതികളിലെ അനാവശ്യമായ എതിര്‍പ്പുകള്‍ കേരളത്തെ പിന്നോട്ട് നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ വയനാട് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മേഖലാതല അവലോകനയോഗം കോഴിക്കോട് മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന മുന്നേറ്റത്തിന്റെ ബൃഹത്തായ കാഴ്ചപ്പാടുകളോടുകൂടിയാണ് സംസ്ഥാനത്ത് നിരവധി പദ്ധതികള്‍ തയ്യാറാക്കുന്നത്. വിശാലമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യുന്ന പദ്ധതികളില്‍ മുഖ്യധാര സംഘടനകളോ രാഷ്ട്രീയപാര്‍ട്ടികളോ അല്ലാത്തവര്‍ പോലും എതിര്‍പ്പുമായി രംഗത്ത് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതെല്ലാം ചില ആസൂത്രിതമായ ശ്രമങ്ങളാണ്. ഇതിനെയെല്ലാം മറികടന്നുകൊണ്ട് വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നിയമപരമായും നയപരമായുമുള്ള തീരുമാനത്തിലൂടെ വകുപ്പുകള്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങളില്‍ നല്ല മാറ്റങ്ങള്‍ പ്രകടമാണ്. ഇതെല്ലാം അവലോകനം ചെയ്യാന്‍ ഇത്തരത്തിലുള്ള മേഖല തല അവലോകന യോഗം പുതുമയുള്ളതാണ്. ഇതൊരു തുടക്കമാണ്. വളരെ വേഗത്തില്‍ വികസന പദ്ധതികള്‍ മുന്നേറണം. ഇതിനായുള്ള പരിശ്രമങ്ങള്‍ എല്ലാവരുടെയും ഭാഗത്ത് നിന്നുമുണ്ടാകണം. അതിദരിദ്ര നിര്‍മ്മാര്‍ജ്ജനം, ലൈഫ് മിഷന്‍ തുടങ്ങിയവയെല്ലാം നല്ല രീതിയില്‍ മുന്നേറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ മുക്ത നവകേരളം പ്രതിജ്ഞയോടെയാണ് അവലോകന യോഗം തുടങ്ങിയത്. വിവിധ വിഷയങ്ങളും മേഖലകളും തിരിച്ചാണ് അവലോകനം യോഗം നടന്നത്. വകുപ്പ്തല മന്ത്രിമാര്‍, ചീഫ് സെക്രട്ടി ഡോ.വി.വേണു, വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മേഖല അവലോകനയോഗത്തില്‍ പങ്കെടുത്തു. നാലു ജില്ലകളെ ഉള്‍പ്പെടുത്തിയുള്ള പോലീസ് അവലോകന യോഗവും തുടര്‍ന്ന് നടന്നു.