ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരീക്ഷണം ശക്തം
പ്ലാസ്റ്റിക്ക് പാക്കറ്റുകളിലെ പാല്‍ പാക്കറ്റോടുകൂടി ചൂടാക്കുന്നത് ജില്ലയില്‍ കാണപ്പെടുന്ന അതിഗുരുതരമായ ഭക്ഷ്യസുരക്ഷാ നിയമലംഘനമാണെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതായൊ ആവര്‍ത്തിക്കുന്നതായോ ശ്രദ്ധയില്‍ പെടുന്നപക്ഷം അത് ചെയ്യുന്നവര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന രീതിയിലുളള പ്രോസിക്യൂഷന്‍ അടക്കമുളള നടപടികള്‍ കൈക്കൊളളുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. പാക്കറ്റ് പാല്‍ ഇത്തരത്തില്‍ ചൂടാക്കുന്ന പക്ഷം പ്ലാസ്റ്റിക്കിലെ രാസപദാര്‍ത്ഥങ്ങള്‍ പാലില്‍ കലര്‍ന്ന് കാന്‍സര്‍ പോലുളള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ഇത്തരത്തില്‍ ഭക്ഷ്യവസ്തുക്കള്‍ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യുന്നതും, ഉപയോഗിക്കുന്നതും ഒട്ടനവധി അസുഖങ്ങള്‍ക്ക് കാരണമാകുന്നതായും പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.
ഹോട്ടലുകള്‍, ബേക്കറികള്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവരിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടു വരുന്നത്. ജില്ലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതില്‍ കര്‍ശന നിരീക്ഷണവും പരിശോധനകളും നടത്തി വരുന്നുണ്ട്. ന്യൂനതകള്‍ കാണുന്ന പക്ഷം നോട്ടീസ് നല്‍കി പിഴ ഉള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
കൃത്രിമനിറങ്ങളും ചേര്‍ക്കുന്നതും ലൈസന്‍സ് -രജിസ്‌ട്രേഷന്‍ എടുക്കാത്തതും കുറ്റകരം
ആഹാരസാധനങ്ങളില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുക, കൃത്യമായ ലേബല്‍ വിവരങ്ങള്‍ ഇല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുക, ഗുണനിലവാരമില്ലാത്ത വെളളം പാചകത്തിനും കുടിക്കുന്നതിനു ഉപയോഗിക്കുക തുടങ്ങിയവയും ശിക്ഷാനടപടികള്‍ക്ക് കാരണമാകുന്ന കുറ്റങ്ങളാണ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ഭക്ഷ്യ വസ്തുക്കള്‍ നിര്‍മിക്കുകയോ, സംഭരിക്കുകയോ, വിതരണം ചെയ്യുകയോ വില്‍പ്പന നടത്തുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയും സ്ഥാപനവും ലൈസന്‍സ് -രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും എടുത്തിരിക്കേണ്ടതാണ്. അല്ലാത്തപക്ഷം ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. ‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ഭക്ഷ്യ സുരക്ഷാ വിഭാഗം ജില്ലയില്‍ നടത്തുന്ന പരിശോധനകളില്‍ കാണപ്പെടുന്ന ന്യൂനതകള്‍ക്ക് കര്‍ശന നിയമ നടപടികള്‍ ഉണ്ടാകുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.