നൈപുണ്യ കർമസേനയെ വ്യാവസായിക വകുപ്പിന് കീഴിൽ സ്ഥിരം സംവിധാനമാക്കുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ പറഞ്ഞു. പ്ലേസ്‌മെന്റ് സെല്ലുകൾക്ക് സമാനമായ രീതിയിൽ നൈപുണ്യ കർമസേനയെ വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത്. ദുരന്ത വേളയിലുൾപ്പെടെ കർമസേനയുടെ സേവനം പ്രയോജനപ്പെടുത്താനാവുമെന്ന് മന്ത്രി പറഞ്ഞു. പ്രളയ മേഖലയിലെ വീടുകളിൽ സേവനം നടത്തിയ വ്യാവസായിക പരിശീലന വകുപ്പിലെ ട്രെയിനികളും ഇൻസ്ട്രക്ടർമാരും ചേർന്ന നൈപുണ്യ കർമ്മസേനയ്ക്ക് ഉപഹാരവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിതകേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഐ. ടി. ഐ കാമ്പസുകളിൽ ലഭ്യമായ സ്ഥലങ്ങളെല്ലാം കൃഷിക്ക് വിയോഗിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇത് സർക്കാരിന്റെ നിർദ്ദേശമായി പരിഗണിക്കണം. അധ്യാപകരും വിദ്യാർത്ഥികളും വിദ്യാർത്ഥി സംഘടനകളുമെല്ലാം ഇതിൽ സഹകരിക്കണം. പച്ചക്കറിയും വാഴയും ചെറുധാന്യങ്ങളുമെല്ലാം ഇത്തരത്തിൽ കൃഷി ചെയ്യാനാവും.
പ്രളയകാലത്ത് കേരളത്തിലെ യുവത്വം അഭിമാനകരമായ പ്രവർത്തനമാണ് നടത്തിയത്. കേരള യുവതയെക്കുറിച്ച് സമൂഹത്തിൽ ചിലർക്കെങ്കിലും ഉണ്ടായിരുന്ന തെറ്റാദ്ധാരണ മാറിയിട്ടുണ്ട്. നൈപുണ്യ സേനയുടെ പ്രവർത്തനം മികച്ച മാതൃകയാണ്. ദുരന്തത്തിൽ പകച്ചുനിന്ന കുടുംബങ്ങൾക്ക് ആശ്വാസത്തിന്റേയും പ്രതീക്ഷയുടെയും വെളിച്ചം പകർന്നു നൽകാൻ നൈപുണ്യ സേനയ്ക്കായി.
പ്രളയവേളയിൽ കേരളം നടത്തിയ പ്രവർത്തനം ലോകം ആദരവോടെയാണ് കണ്ടത്. മനുഷ്യത്വത്തിന്റേയും സാഹോദര്യത്തിന്റേയും ആത്മസമർപ്പണത്തിന്റേയും വൈകാരിക അനുഭവം പ്രളയകാലത്ത് കേരളം ലോകത്തിന് കാട്ടിക്കൊടുത്തു. കേരളം പുനർനിർമിക്കുന്നതിന് ബൃഹദ് പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് മന്ത്രി പറഞ്ഞു.
ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി. എൻ. സീമ, ബി. സത്യൻ എം. എൽ. എ, നവകേരളം കർമ പദ്ധതി കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പി. കെ. മാധവൻ, ഹരിതകേരളം കൺസൾട്ടന്റ് ടി. പി. സുധാകരൻ, വ്യാവസായിക പരിശീലന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബി. ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.