എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്ന സർക്കാർ ലക്ഷ്യത്തിനായി മലപ്പുറം ജില്ലയിൽ കുടിവെള്ള വിതരണത്തിന് 5520 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കിഫ്ബിപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കേരള വാട്ടർ അതോറിറ്റി പി.എച്ച് സെക്ഷൻ മഞ്ചേരി ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപ്രദേശങ്ങളിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിക്കുന്ന ഒരു റോഡും അനാഥമായി കിടക്കില്ല. റോഡുകൾ അറ്റകുറ്റപ്പണി നടത്താനുള്ള തുക ഉൾപ്പെടുത്തിയാണ് ടെൻഡർ നടപടികൾ പൂർത്തീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മഞ്ചേരി നിയമസഭാ മണ്ഡലത്തിലെ പദ്ധതികൾ പൂർത്തിയാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. അഡ്വ. യു.എ ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
കാലപ്പഴക്കം മൂലം തകർച്ചയിലായ മഞ്ചേരി സെക്ഷൻ ഓഫീസിന് പകരമായാണ് കെട്ടിടം നിർമിച്ചത്. മഞ്ചേരി സബ് അർബൻ കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തിയുടെ ഭാഗമായാണ് കെട്ടിടം പണിതത്. കെട്ടിടത്തിൽ താഴത്തെ നിലയിൽ ക്യാഷ് കൗണ്ടർ, ഗ്യാരേജ്, സ്റ്റോർ ഒന്നാം നിലയിൽ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് ഓവർസിയർമാർക്കും മറ്റു സ്റ്റാഫിനുമുള്ള ഓഫീസ് സൗകര്യങ്ങളുണ്ട്.

കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ അഡ്വ. ജോസ് ജോസഫ്, മഞ്ചേരി നഗരസഭാ വൈസ് ചെയർമാൻ വി.പി ഫിറോസ്, നഗരസഭാ കൗൺസിലർമാരായ അഡ്വ. പ്രേമ രാജിവ്, മരുന്നൻ സാജിദ് ബാബു, സി. സക്കീന, കെ.കെ.ബി മുഹമ്മദാലി, സുബൈർ വീമ്പൂർ, അഡ്വ. കെ.പി ഷാജു, എഡ്വിൻ തോമസ്, അഡ്വ. പി.എം സഫറുള്ള, പി.ജി ഉപേന്ദ്രൻ, ഇ.പി ഫിറോസ്, ടി.ഷരീഫ, അഫ്‌സൽ ഹുസൈൻ, വി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ ചെയർപേഴ്‌സൺ വി.എം സുബൈദ സ്വാഗതവും കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ എസ്. സത്യ വിൽസൻ നന്ദിയും പറഞ്ഞു.