ഡിസംബർ 27,28,29 തീയ്യതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവം പരിസ്ഥിതി സൗഹൃദമായ രീതിയിൽ നടത്താൻ സംഘാടക സമിതി തീരുമാനിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകലയുടെ സാന്നിധ്യത്തിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കൈക്കൊണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു.. കലോത്സവത്തിന്റെ പ്രചാരണം മുതൽ ഭക്ഷ്യശാലവരെയുളള എല്ലാ ഇടങ്ങളിലും പ്ലാസ്റ്റിക് മുക്തമാവും. ഭക്ഷണം നൽകുന്നതിന് സ്ലീൽ പാത്രങ്ങൾ ഉപയോഗിക്കും.

പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ മുന്നിൽ കണ്ട് ഘോഷയാത്ര ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. പതിനാല് ജില്ലകളിൽ നിന്നുമുളള പ്ലോട്ടുകൾ ഉൾക്കൊളളിച്ച് ഘോഷയാത്ര നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നഗരത്തിലുണ്ടാവുന്ന ഗതാഗത കുരുക്ക് പരിഗണിച്ചാണ് ഘോഷയാത്ര ഒഴിവാക്കുന്നത്.
ട്രാൻസ്‌ജെന്റേഴ്‌സിനും ഇതര സംസ്ഥാന തൊഴിലാളികൾക്കും കലോത്സവത്തിൽ പങ്കാളിത്തമുണ്ടാവും. ട്രാൻസ്‌ജെന്റേഴ്‌സിനായി മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ കലാ അവതരണം ഉണ്ടാവും. പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ നിന്നുളള ഇതര സംസ്ഥാന തൊഴിലാഴികളാണ് കലാ പരിപാടികളിൽ പങ്കെടുക്കുകയെന്ന് ഡയറക്ടർ അറിയിച്ചു.
യോഗത്തിൽ സാക്ഷരതാ മിഷൻ അസി.ഡയറക്ടർ കെ.അയ്യപ്പൻ നായർ, കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, കോർപ്പറേഷൻ കൗൺസിലർമാരായ എം.എം.ലത, എം. സലീന, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഹമ്മദ് പുന്നക്കൽ, താഴത്തയിൽ ജൂമൈലത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ടി ശേഖർ, എം.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.സി.പി ബേബിഷീബ, വയനാട് ജില്ലാ സാക്ഷരതാമിഷൻ അസി.കോ-ഓർഡിനേറ്റർ പി.എൻ.ബാബു, ടി.വി ബാലൻ, വിവിധ സബ്കമ്മറ്റി കൺവീനർമാർ,, ജില്ലാ സാക്ഷരതാമിഷൻ അസി.കോ-ഓർഡിനേറ്റർമാരായ പി.പി.സിറാജ്, അജിത്കമാർ എന്നിവർ സംസാരിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ എം.ഡി വൽസല സ്വാഗതവും കലോത്സവം സ്‌പെഷ്യൽ കോ-ഓർഡിനേറ്റർ ഷാജു ജോൺ നന്ദിയും പറഞ്ഞു.