ബേപ്പൂർ മണ്ഡലത്തിലെ 75% റോഡുകളും ബി എം ആന്റ് ബി സി നിലവാരത്തിലേക്ക് ഉയർത്തി: മന്ത്രി പി എ മുഹമ്മദ് റിയാസ്

സർക്കാർ അധികാരത്തിൽ വന്ന ശേഷം ബേപ്പൂർ നിയോജകമണ്ഡലത്തിലെ 75 ശതമാനം റോഡുകളും ബി എം ആന്റ് ബി സി നിലവാരത്തിലേക്ക് ഉയർത്തിയതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോർപറേഷനിലെ നല്ലളം ഡിവിഷനിലെ തരിപ്പണം പാലം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വികസന പദ്ധതികൾക്ക് കൃത്യമായ സമയക്രമം വെക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ബേപ്പൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ സമസ്ത മേഖലകളിലും വികസനം എത്തിക്കാൻ സാധിച്ചു. മണ്ഡലത്തിലെ വിവിധ നിർമ്മാണ പ്രവൃത്തികൾക്കായി 108.49 കോടി രൂപ സർക്കാർ ചെലവഴിച്ചിട്ടുണ്ട്. 16 റോഡുകളുടെ നവീകരണം, വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ആറ് കെട്ടിടങ്ങൾ, പാലം നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്.

നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി ഏഴ് റോഡുകളുടെ നവീകരണം, 11 കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടെ 121.36 കോടി രൂപയുടെ പ്രവൃത്തികൾ നിലവിൽ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ എത്തിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കൂടാതെ 20 പ്രധാന പ്രവൃത്തികൾക്കായി 471.68 കോടി രൂപ വകയിരുത്തി. ബേപ്പൂർ നിയോജകമണ്ഡലത്തിലെ ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനും ആവശ്യങ്ങൾ മനസ്സിലാക്കാനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നംവംബർ 26ന് നടക്കുമെന്ന് മന്ത്രി അറിയിച്ചു.

ജയന്തി റോഡ്-തരിപ്പണം റോഡിനെ ഒതയമംഗലം-പുളിക്കൽ താഴം റോഡുമായി ബന്ധിപ്പിക്കുന്ന മാങ്കുനിത്തോടിന് കുറുകെ നിർമ്മിച്ച തരിപ്പണം പാലം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ട് ഘട്ടങ്ങളിലായി 35 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.

ചടങ്ങിൽ നല്ലളം ഡിവിഷൻ കൗൺസിലർ മൈമൂന ടീച്ചർ അധ്യക്ഷയായി. മുൻ കൗൺസിലർ എം കുഞ്ഞാമുട്ടി, മണൽ ജയരാജൻ, ടി കെ ഹനീഫ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.