കോഴിക്കോട് ജില്ലയിൽ ടൈഗർ സഫാരി പാർക്ക്: പ്രാരംഭ പഠനം നടത്തി:മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട് ജില്ലയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കാനുള്ള സാധ്യതകൾ സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും പ്രാരംഭ പഠനം നടത്തിയതായും വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
2023ലെ വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം കോഴിക്കോട്ട് ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതൽ പരിശോധനകൾക്ക് ശേഷം ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് കണ്ടെത്തിയാൽ മാത്രമേ ആ പ്രദേശത്ത് ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കുകയുള്ളൂ എന്ന് മന്ത്രി പറഞ്ഞു. പാർക്ക് വരുന്നതിനെ കുറിച്ച് ജനങ്ങൾക്ക് ആശങ്ക വേണ്ട. സഫാരി പാർക്ക് നിർമ്മിക്കുന്നതോടെ ആ പ്രദേശത്തെ വനാതിർത്തി മേഖലയിലെ വന്യമൃഗങ്ങളെല്ലാം പാർക്കിനുള്ളിലേക്ക് മാറും. അഞ്ചര മീറ്റർ ഉയരത്തിൽ മതിൽ കെട്ടി പ്രദേശം ആകെ സംരക്ഷിക്കപ്പെടും. ഇതോടെ പ്രദേശത്തെ വന്യമൃഗ ശല്യം പൂർണമായി തടയപ്പെടുക എന്ന ഗുണകരമായ വശം കൂടി ഈ പദ്ധതിക്ക് ഉണ്ടെന്നും മന്ത്രി പറഞ്ഞു.

മലബാർ മേഖലയിൽ വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. രൂക്ഷമായ ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി നബാർഡ് പദ്ധതിയിൽ ഉൾക്കൊള്ളിച്ച് 144.8 കിലോ മീറ്റർ ദൂരത്തിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്നതിനായി 12.06 കോടി രൂപയ്ക്കുള്ള പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഭക്ഷണത്തിനായി മൃഗങ്ങൾ വനത്തിന് പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കുന്നതിനായി വനത്തിനകത്ത് കുടിവെള്ളം ലഭ്യമാക്കാനും ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കാനും പദ്ധതിയുണ്ട്. വന്യജീവികളോടുള്ള സ്നേഹവും കരുണയുമാണ് ഏത് ക്ഷേമരാഷ്ട്രത്തിന്റെയും മുഖമുദ്ര എന്ന ഗാന്ധിയൻ ദർശനം ഈ കാലഘട്ടത്തിൽ തന്നെയാണ് നാം ഉൾക്കൊള്ളേണ്ടതെന്നും മന്ത്രി പറഞ്ഞു.കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ സ്വാതന്ത്ര്യ സുവർണ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വന്യജീവി വാരാഘോഷ സംസ്ഥാനതല മത്സര ജേതാക്കൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. കെ.എം. സച്ചിൻദേവ് എംഎൽഎ മുഖ്യാതിഥിയായി.

പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്ററും ചീഫ് വൈൽലൈഫ് വാർഡനുമായ ഡി. ജയപ്രസാദ്, ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്റർ കെ.എസ് ദീപ, ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്റർ പി. മുഹമ്മദ് ഷബാബ്, ഫോറസ്റ്റ് കൺസർവ്വേറ്റർ എസ്. നരേന്ദ്ര ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുക്കം മുഹമ്മദ്, ഒ പി അബ്ദുൾ റഹ്മാൻ, പി.ടി ആസാദ്, എം.കെ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.