ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം വാത്തിക്കുടി, കൊന്നത്തടി ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര ഗ്രാമീണ ഭവന കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സംസ്ഥാനത്ത് 17 ലക്ഷം ഗ്രാമീണ ഭവനങ്ങളിലാണ് കുടിവെള്ളം എത്തിയിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 18 ലക്ഷം കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞു. സംസ്ഥാനത്താകെയുള്ള 70.55 ലക്ഷം ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം ഉറപ്പാക്കുന്ന ദൗത്യമാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.
കുടിവെള്ള പദ്ധതികള്‍ക്കായി ജില്ലയില്‍ 2757 കോടി രൂപയുടെ ഭരണാനുമതി നല്‍കി. ഇടുക്കി നിയോജക മണ്ഡലത്തില്‍ മാത്രം 715 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു. ഡാമുകളില്‍ നിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ച് എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുന്ന ബൃഹത് പദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്നും സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പദ്ധതിക്കായി കൊന്നത്തടി പഞ്ചായത്തില്‍ സൗജന്യമായി സ്ഥലം വിട്ട് നല്‍കിയ 7 കുടുംബങ്ങള്‍ക്ക് പദ്ധതി പൂര്‍ത്തിയാകുന്നതോടെ സൗജന്യമായി കുടിവെള്ളം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ജില്ല നേരിടുന്ന വലിയ പ്രതിസന്ധിയാണ് പട്ടയ ഭൂപ്രശ്നങ്ങള്‍. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വ്യത്യസ്തങ്ങളായ പട്ടയ-ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. നിയമ ഭേദഗതി ബില്‍ ഐക്യകണ്ഠമായാണ് നിയമസഭയില്‍ പാസായത്. നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ് നിയമ നിര്‍മ്മാണം സാധ്യമായത്. ഇതിലൂടെ 2023 വരെയുള്ള പട്ടയഭൂമിയിലെ എല്ലാ നിര്‍മിതികളും ഔദ്യോഗികമായി ക്രമവത്കരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അടിമാലി ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ശാസ്ത്ര മേളയുടെ ലോഗോ പ്രകാശനവും വാത്തിക്കുടിയിലെ യോഗത്തില്‍ മന്ത്രി നിര്‍വഹിച്ചു. നവംബര്‍ 10, 11 തീയതികളിലാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്.