ആഗോള രംഗത്തെ മാറ്റം ഉള്‍ക്കൊണ്ട് സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ- തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ ടി ഐ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. വ്യവസായ പുരോഗതിക്കും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും അനുയോജ്യമാകുന്ന രീതിയില്‍ വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ഇതുവഴി ആര്‍ജിച്ച കഴിവുകള്‍ നൂതന ആശയങ്ങളായി വികസിപ്പിച്ച്, സാധാരണ ജനങ്ങള്‍ക്കും, വ്യവസായങ്ങള്‍ക്കും ഉതകുന്ന കണ്ടുപിടുത്തങ്ങള്‍ നടത്തുവാന്‍ സര്‍ക്കാര്‍ ‘യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം ‘ പദ്ധതി സംസ്ഥാനത്തെ ഐ ടി ഐ കളില്‍ നടപ്പാക്കിയിട്ടുണ്ട്.

കൂടാതെ ‘നൈപുണ്യകര്‍മ്മസേന’ എല്ലാ ഐ ടി ഐ കളിലും നടപ്പില്‍ വരുത്തുകയും ചെയ്തു. സര്‍ക്കാര്‍ ആശുപത്രികള്‍, വയോജനകേന്ദ്രങ്ങള്‍ അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ സാങ്കേതിക സഹായങ്ങള്‍ നല്‍കുവാന്‍ നൈപുണ്യ കര്‍മസേനയ്ക്ക് സാധിക്കുന്നു. ഡിജിറ്റല്‍ സര്‍വ്വകലാശാലയുടെ നേതൃത്വത്തിലുള്ള ഡിജിറ്റല്‍ ഫോഴ്സ് മാനേജ്മെന്റിലൂടെ തൊഴില്‍ നൈപുണ്യ സ്ഥാപനങ്ങളെയും ഉദ്യോഗാര്‍ഥികളെയും നൈപുണ്യ പരിശീലകരെയും പരസ്പരം ബന്ധിപ്പിക്കുക മുഖേന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നു. ഐ ടി ഐയിലെ സിലബസുകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കിഫ്ബി ഫണ്ടില്‍ നിന്നും 3.63 കോടി രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ ടി എ മന്ദിരം നിര്‍മിച്ചത്. മൂന്ന് വര്‍ക്ക് ഷോപ്പുകള്‍, പുതിയ ലിഫ്റ്റ് റൂം, സി സി ടി വി ക്യാമറ, പബ്ലിക് അഡ്രസ് സിസ്റ്റം, മഴവെള്ള സംഭരണി, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ജനറേറ്റര്‍ സംവിധാനം, കവാടം, ക്യാമ്പസ് റോഡുകള്‍ എന്നീ സൗകര്യങ്ങളോടുകൂടിയാണ് പുതിയ മന്ദിരം.