വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം, ഭാവി കേരളത്തിനുള്ള മാർഗരേഖ തയാറാക്കാനുള്ള ലക്ഷ്യത്തോടെയാണ് കേരളീയത്തിന്റെ ഭാഗമായുള്ള സെമിനാറുകൾ സംഘടിപ്പിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ സംഘടിപ്പിക്കുന്ന കേരളീയത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരെയും വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള 25 സെമിനാറുകൾ അഞ്ചു വേദികളിലായി നടത്തുന്നത്. 140 ഓളം പ്രഭാഷകർ പങ്കെടുക്കും. വിയറ്റ്നാം മുൻ കൃഷി ഗ്രാമ വികസന മന്ത്രി കാവോ ഡുക് ഫാറ്റ്, ടെറി സീനിയർ ഫെല്ലോ ഡോ. കെ സി ബൻസൽ, ലോക ബാങ്ക് സീനിയർ എക്കണോമിസ്റ്റ് ക്രിസ് ജാക്സൺ, പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ പ്രൊഫ.കടമ്പോട്ട് സിദ്ദിക്ക്, പ്രശസ്ത ആന്ത്രോപോളജിസ്റ്റ് പ്രൊഫ. റിച്ചാർഡ് ഫ്രാങ്കി, അമുൽ മുൻ മാനേജിംഗ് ഡയറക്ടർ ആർ എസ് സോധി, കൽക്കട്ടയിലെ ശ്രുതി ഡിസെബിലിറ്റി റൈറ്റ്സ് സെൻറർ സ്ഥാപക ശംപ സെൻഗുപ്ത, മാനസിക വൈകല്യമുള്ളവർക്കായി പ്രവർത്തിക്കുന്ന ‘ദി ബന്യൻ’ എന്ന സംഘടനയുടെ സ്ഥാപക വന്ദന ഗോപകുമാർ, കൊളംബിയ സർവ്വകലാശാലയിലെ ഗ്ലെൻ ഡെമിങ്, ഇൻറർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻറെ സൗത്ത് ഏഷ്യ ഓഫീസിലെ സാമ്പത്തിക വിദഗ്ധ കല്യാണി രഘുനാഥൻ, മുൻ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ സായിദാ ഹമീദ് എന്നീ പ്രമുഖരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
40 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. കേരളത്തിന്റെ നൂതന സംരംഭങ്ങളും വ്യത്യസ്തമായ ആശയങ്ങളും പരിചയപ്പെടുത്താൻ 9 വേദികളിലാണ് ട്രേഡ് ഫെയർ സംഘടിപ്പിക്കുന്നത്. ആറ് വേദികളിലായി ഫ്ളവർ ഷോ നടക്കും. വിവിധ തീമുകളിലായി ഒൻപത് എക്സിബിഷനുകളാണ് സംഘടിപ്പിക്കുന്നത്. പബ്ലിക് പോളിസി ആൻഡ് പ്രോഗ്രസ്, വ്യവസായം, സംസ്‌കാരം, ഇന്നോവേഷൻ ആൻഡ് ടാലൻറ്സ്, ജ്ഞാന സമ്പദ് വ്യവസ്ഥ തുടങ്ങിയ നിരവധി വിഷയങ്ങൾ എക്സിബിഷനുകളിൽ അവതരിപ്പിക്കപ്പെടും.
കേരളം ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വൈവിധ്യമാർന്ന സാംസ്‌കാരിക-കലാ വിരുന്നാണ് കേരളീയത്തിൻറെ ഭാഗമായി ഒരുങ്ങുന്നത്. നാല് പ്രധാന വേദികൾ, രണ്ട് നാടക വേദി, ഒരു ഗ്രൗണ്ട് വേദി, 11 ചെറിയ വേദികൾ, 10 തെരുവ് വേദികൾ എന്നിവയാണ് കലാപരിപാടികൾക്ക് മാത്രമായി ഒരുക്കുന്നത്. ക്ലാസിക്കൽ കലകൾ, അനുഷ്ഠാന കലകൾ, നാടൻ കലകൾ, ഗോത്ര കലകൾ, ആയോധന കലകൾ, ജനകീയ കലകൾ, മലയാള ഭാഷാസാഹിത്യം, മലയാളസിനിമാ സംബന്ധമായ കലാരൂപങ്ങൾ തുടങ്ങിയ തീമുകളിലാണ് കലാവിരുന്ന്. പ്രൊഫഷണൽ നാടകങ്ങൾക്കും കുട്ടികളുടെ നാടകങ്ങൾക്കുമായി വേദികൾ ഒരുങ്ങും. പ്രത്യേക തീം അടിസ്ഥാനമാക്കിയുള്ള ദീപലാങ്കാരമാവും ഇത്തവണത്തെ മറ്റൊരു പ്രധാന ആകർഷണം. പ്രധാനപ്പെട്ട വേദികളിൽ എൽഇഡി ഇൻസ്റ്റലേഷനും ഉണ്ടാകും. തട്ടുകട ഭക്ഷണം മുതൽ പഞ്ചനക്ഷത്ര ഭക്ഷണം വരെ വ്യത്യസ്തമായ വിഭവങ്ങൾ അടിസ്ഥാനമാക്കിയുള്ള 11 ഭക്ഷണമേളകൾ സംഘടിപ്പിക്കും. കേരളത്തിലെ തനത് വിഭവങ്ങൾ അണിനിരത്തിയുള്ള ബ്രാൻഡഡ് ഫുഡ് ഫെസ്റ്റിവൽ ആണ് മേളയിലെ മറ്റൊരു ആകർഷണം.
കേരളീയം നാടിൻറെയാകെ മഹോത്സവമായി മാറ്റാൻ എല്ലാവരുടെയും സജീവമായ പങ്കാളിത്തമുണ്ടാകണം. നമ്മുടെ നാടിൻറെ തനിമയും നേട്ടങ്ങളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ചർച്ചകളിലൂടെയും വിവിധ പരിപാടികളിലൂടെയും അറിവിൻറേയും അനുഭവങ്ങളുടെയും ലോകം കൂടുതൽ വിശാലമാക്കാനും കേരളീയത്തിനു സാധിക്കും.
കേരളീയത്തിന്റെ ഭാഗമായി ഓൺലൈൻ മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നുണ്ട്. അറിവിന്റെ ആഗോള സംഗമം എന്ന നിലയിൽ വിദേശ മലയാളികളടക്കം പങ്കാളികളാകുന്ന മത്സരം ഒക്ടോബർ 19 വൈകുന്നേരം 7.30നാണ്. keraleeyam.kerala.gov.in ലൂടെ രജിസ്ട്രർ ചെയ്യാം. പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും മൊബൈൽ ഫോണിലൂടെ മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് ആകർഷമായ സമ്മാനങ്ങളും മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.