ഭാഷയുടെ വളർച്ചയ്ക്കു ജനാധിപത്യപരമായ പദ സ്വീകാര്യതാ നയം പിന്തുടരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദൈനംദിന ജീവിതത്തിൽ മലയാളികൾ ഉപയോഗിക്കുന്ന അന്യഭാഷാ പദങ്ങളെയടക്കം നമ്മുടെ ഭാഷാ പദങ്ങളായിക്കണ്ടു സ്വീകരിക്കാനും ഉപയോഗത്തിൽ കൊണ്ടുവരാനുമാകണം. ആഗോളതലത്തിൽ വളർന്ന ഭാഷകളെല്ലാം ഇത്തരം രീതികൾ അവലംബിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാന മന്ദിര ഉദ്ഘാടനവും വൈജ്ഞാനിക പുരസ്‌കാര വിതരണവും 55-ാം വാർഷികാഘോഷ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദൈനംദിന വ്യവഹാരത്തിൽ ഉപയോഗിക്കപ്പെടുമ്പോഴാണു ഭാഷയ്ക്കു വളർച്ചയും നിലനിൽപ്പും ഉണ്ടാകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. അക്കാദമികതലത്തിൽമാത്രമായി ഇതു ചുരുങ്ങിപ്പോയാൽ ഭാഷ കേവലം പ്രദർശനവസ്തുവായി പരിണമിക്കും. മാറുന്ന കാലത്തിന്റെ നൂതന സാധ്യതകൾ ഉപയോഗിച്ചു ഭാഷയെ പരിപോഷിപ്പിക്കണം. സാങ്കേതികവിദ്യാ സൗഹൃദമായ മലയാള ഭാഷാ സോഫ്റ്റ്വെയറുകൾ വികസിപ്പിക്കണം. ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട് ദിവസവുമെന്നോണം പുതിയ വാക്കുകൾ ഉണ്ടാകുന്നുണ്ട്. അവയെല്ലാം ഇംഗ്ലിഷിലാണ്. അവയ്ക്കു സമാന പദങ്ങൾ മലയാളത്തിൽ ഉണ്ടാക്കാനാകുമോയെന്നു നോക്കണം. മലയാളം ഒരു വൈജ്ഞാനിക ഭാഷകൂടിയാകണം. ഈ നിലയിലേക്ക് മലയാള ഭാഷയെ ഉയർത്താൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾക്കു കഴിയണം.
വൈജ്ഞാനിക സമൂഹ സൃഷ്ടിക്കായുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിലും സക്രിയമായ പങ്കാളിത്തം വഹിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിനു കഴിയണം. പുതിയ കാലത്തെ വിജ്ഞാന വികാസത്തിനൊപ്പം സഞ്ചരിക്കുന്ന കൃതികളുടെ പ്രസാധനം പ്രധാനമായി ഏറ്റെടുക്കണം. വിപണനത്തിൽ വലിയ കുതിപ്പുണ്ടാക്കാൻ സഹായകമാകുന്ന പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം ഉൾപ്പെടെയുള്ള മാതൃഭാഷകളെ അരികുവത്കരിച്ചുകൊണ്ട് ഒരു രാജ്യം ഒരു ഭാഷ എന്ന തരത്തിലുള്ള മുദ്രാവാക്യം ഉയർത്തുന്നതു രാജ്യത്തിന്റെ സംസ്‌കാരത്തിനും ചരിത്രത്തിനും വിരുദ്ധമാണ്. വിവിധ ഭാഷകളിൽ എഴുതപ്പെട്ടതെങ്കിലും ഒരേ ആശയം മുന്നോട്ടുവയ്ക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ഗാനങ്ങൾ ആ ചരിത്രത്തെയും സംസ്‌കാരത്തെയും വ്യക്തമാക്കുന്നതാണ്. ഒരു കാര്യം പലയിടങ്ങളിലേക്കു പല ഭാഷകളിൽ എത്തി. ഇത്തരത്തിൽ പല ഭാഷകളിൽനിന്ന് ഉയർന്ന മുദ്രാവാക്യങ്ങൾ സമന്വയിപ്പിച്ചാണു രാജ്യത്തിന്റെ അധിനിവേശ വിരുദ്ധ ദേശീയത രൂപപ്പെട്ടത്. വിവിധ ഭാഷകൾ നാടിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഒറ്റ ഭാഷയെന്ന വാദം വിവിധ്യ സമൃദ്ധമായ രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാണ്. രാജ്യത്തെ തനതായ വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് ഉതകുന്ന ഇടപെടലുകൾ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എൻ.വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം അഭിലാഷ് മലയിലിനും ഡോ. കെ.എം. ജോർജ് സ്മാരക ഗവേഷണ പുരസ്‌കാരം ഡോ. അശോക് എ. ഡിക്രൂസ്, ഡോ. ഇ. രതീഷ് എന്നിവർക്കും എം.പി. കുമാരൻ സ്മാരക വിവർത്തന പുരസ്‌കാരം ആശാലതയ്ക്കും മുഖ്യമന്ത്രി സമ്മാനിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടർ എൻ. മായ എന്നിവരും പങ്കെടുത്തു.