മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ഒരു വർഷം നീണ്ടു നിന്ന ദശ വാർഷികാഘോഷങ്ങളുടെ ഭാഗമായി അക്കാദമി ഹാളിൽ സംഘടിപ്പിച്ച ‘മഅ’ബർ- മലബാർ കലൈ ഒൺരു’ പരിപാടി തമിഴ്‌നാട് മുന്‍ എം.എല്‍.എ കെ.എ.എം. മുഹമ്മദ് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ടി.വി ഇബ്രാഹിം എം.എൽ.എ അധ്യക്ഷനായി.
തമിഴ്നാട്ടിലെ കായൽ പട്ടണത്തിൽ വൈദ്യർ അക്കാദമിയുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ചരിത്ര ഗവേഷണകേന്ദ്രത്തിലെ ഇരുപതോളം കലാപ്രവർത്തകർ അവരുടെ അറബി തമിഴ് പാട്ടുകൾ, കോൽക്കളി, ദഫ് തുടങ്ങിയ കലകൾ കോർത്തിണക്കിയ ‘മഅ’ബർ’ പരിപാടി അവതരണം കൊണ്ട് ഹൃദ്യമായി. സെഡ്.എ. ഷെയ്ഖ് അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലാണ് പരിപാടികൾ അരങ്ങേറിയത്.
തമിഴ്നാട്ടിലെ കായൽപ്പട്ടണം ഉൾപ്പെടെയുള്ള പ്രദേശങ്ങളെ അറബികൾ വിളിച്ചിരുന്ന പേരാണ് മഅ’ബർ. കേരളത്തിലെ മാപ്പിള കലകളോട് സമാനമായ അറബ് ബന്ധമുള്ള കുറച്ച് കലകൾ അവിടെയുമുണ്ട്. മലബാറിലെ അറബി മലയാളം പോലെ അറബി തമിഴാണ് അവിടെയുള്ളത്.
ഉദ്ഘാടന സമ്മേളനത്തിൽ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ , മുൻ മന്ത്രി ടി.കെ ഹംസ, അക്കാദമി ജോയിന്റ്. സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, അക്കാദമി അംഗങ്ങളായ എന്‍. പ്രമോദ് ദാസ്, കെ.വി. അബൂട്ടി,ഡോ. ഷംസാദ് ,ഡോ. പി.പി. അബ്ദുല്‍ റസാഖ്,രാഘവന്‍ മാടമ്പത്ത്, പി. അബ്ദുറഹിമാന്‍, കായല്‍പട്ടണം ചരിത്ര ഗവേഷണ കേന്ദ്രം (വറളാട്രു അയിവു മയ്യം) കോ-ഓര്‍ഡിനേറ്റര്‍ കെ.എം.എ. അഹമ്മദ് മൊഹിദീന്‍, തേനി എച്ച്.കെ.ആര്‍.എച്ച്. കോളേജിലെ ഡോ. ടി. അനസ് ബാബു, എഴുത്തുകാരന്‍ സാലയ് ബഷീര്‍, തുടങ്ങിയവർ പങ്കെടുത്തു.