രണ്ടര വർഷം കൊണ്ട് കേരളത്തിലെ 50 ശതമാനം റോഡുകളും ബി എം ആന്റ് ബി.സി നിലവാരത്തിൽ നിർമ്മിക്കാൻ സാധിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . കുറ്റ്യാടി വലക്കെട്ട് കൈപ്രം കടവ് റോഡ് പ്രവൃത്തി ഉദ്ഘാടനം പെരുവയലിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു വർഷം കൊണ്ട് കേരളത്തിലെ അൻപത് ശതമാനം റോഡുകളും ബി എം ആന്റ് ബി.സി നിലവാരത്തിലാക്കുക എന്ന സർക്കാറിന്റെ ലക്ഷ്യം രണ്ടര വർഷം കൊണ്ട് തന്നെ പൂർത്തിയാക്കാൻ ഈ സർക്കാറിന് സാധിച്ചു. കുറ്റ്യാടി മണ്ഡലത്തിൽ 17 കിലോമീറ്റർ റോഡിന്റെ നിർമ്മാണം ബി എം ആന്റ് ബി സി നിലവാരത്തിൽ പൂർത്തീകരിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ വിനയരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ, വാർഡ് മെമ്പർ തായന ബാലാമണി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ദേശീയപാത ഉത്തര മേഖല സുപ്രണ്ടിംഗ് എഞ്ചിനീയർ പി.കെ മിനി സ്വാഗതവും ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ പി ബിന്ദു നന്ദിയും പറഞ്ഞു.