പൊതുവിതരണരംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കെ സ്റ്റോറുകൾ വഴിയൊരുക്കുമെന്ന് വാഴൂർ സോമൻ എംഎൽഎ. ജനകീയ സ്വീകാര്യത പദ്ധതിക്ക് ലഭിച്ചുകഴിഞ്ഞു. പീരുമേട് താലൂക്കിലെ മൂന്ന് റേഷൻ കടകൾകൂടി കെ സ്റ്റോറുകളാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി നടപ്പിലാക്കാൻ സർക്കാർ സന്നദ്ധമാണ്. കെ സ്റ്റോർ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭിക്കുകയും അതിലൂടെ റേഷൻ കടകൾക്ക് അധിക വരുമാനം നേടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സ്വന്തം സ്റ്റോറായ കെ സ്റ്റോർ പദ്ധതിയുടെ രണ്ടാം ഘട്ടമായി 200 റേഷൻ കടകളാണ് കെ സ്റ്റോറുകളായി ഉയർത്തുന്നത്. ഇതിന്റെ ഭാഗമായാണ് അമരാവതി രണ്ടാമൈൽ, അട്ടപ്പള്ളം, വണ്ടിപെരിയാറിലെ വള്ളക്കടവ് എന്നിവിടങ്ങളിലെ റേഷൻ കടകൾ കെ സ്റ്റോറുക്കളായി ഉയർത്തിയത്. കുമളി ഗ്രാമപഞ്ചായത്ത് അമരാവതി രണ്ടാംമൈലിലെ ഒന്നാം നമ്പർ കെ സ്റ്റോറിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു അധ്യക്ഷത വഹിച്ചു.

ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള ചുരുക്കം ചില റേഷൻ സാധനങ്ങൾ മാത്രം നൽകിവരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുന്ന വിധത്തിൽ മാറ്റിയെടുക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ സ്റ്റോർ. റേഷൻ കടകളുടെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുകയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്കൂടുതൽ സേവന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും.

10,000 രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങൾ കെ-സ്റ്റോർ വഴി നടത്താൻ സാധിക്കും. ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങൾക്ക് ഇത് ആശ്വാസകരമാണ്. സപ്ലൈകോ ശബരി ഉൽപ്പന്നങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ, അഞ്ച് കിലോയുടെ ഗ്യാസ് സിലിൻഡർ എന്നിവ കെ സ്റ്റോറിൽ ലഭ്യമാണ്. ആധാർ സേവനങ്ങൾ, പെൻഷൻ സേവനങ്ങൾ, ഇൻഷുറൻസ് സേവനങ്ങൾ, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളെല്ലാം കെ-സ്റ്റോർ വഴിലഭിക്കും .

അഴുത ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ലിസമ്മ ജെയിംസ്, അമരാവതി വാർഡ് മെമ്പർ സൺസി മാത്യു, മുൻ ജില്ലാ പഞ്ചാത്തംഗം എം എം വർഗീസ്, രാഷ്ട്രീയ സംഘടന നേതാക്കളായ ടി സി തോമസ്, റോയി പി ജെ, സന്തോഷ്‌ പണിക്കർ, അനിൽകുമാർ, ടി ആർ ചന്ദ്രൻ, മജോ കാരിമുട്ടം, എ യു ജോസഫ്, വി ജെ ജോർജ്, കുമളി റേഷൻ ഇൻസ്പെക്ടർ ഷിജു മോൻ തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.