2023-24 വാര്‍ഷിക പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. വികസന ഫണ്ട് വിനിയോഗത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തും മെയിന്റനന്‍സ് ഫണ്ട് വിനിയോഗത്തില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്തുമാണ് മുന്നിലുള്ളത്. വിവിധ തലത്തിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുടെ പുരോഗതി അവതരിപ്പിച്ചു.

ധനകാര്യ കമ്മീഷന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കനുവദിച്ച ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ കൈവരിച്ച നേട്ടത്തെ യോഗം അഭിനന്ദിച്ചു. ഏര്‍ലി ഇന്റര്‍വെന്‍ഷന്റെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ മൊബൈല്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ തദ്ദേശഭരണ പരിധിയിലേക്ക് ക്രമീകരിക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. സുല്‍ത്താന്‍ ബത്തേരി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെ എ.ബി.സി സെന്ററുകളുടെ നിര്‍മ്മാണ പുരോഗതി യോഗം വിലയിരുത്തി. ശ്രുതി തരംഗം പദ്ധതിയുമായി ബന്ധപ്പെട്ട കേള്‍വി ഉപകരണങ്ങള്‍ ആവശ്യമുള്ള ജില്ലയിലെ കുട്ടികളുടെ പട്ടിക തയ്യാറാക്കി ആസൂത്രണ സമിതിക്ക് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.

ശുചിത്വ വയനാട് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഒക്ടോബര്‍ 20ന് ചേരുന്ന ജില്ലാതല ഏകോപന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യും. പാഴ്വസ്തുക്കളുടെ വാതില്‍പ്പടി സേവനം സംബന്ധിച്ച തദ്ദേശഭരണ സ്ഥാപനം തിരിച്ചുള്ള റിപ്പോര്‍ട്ട് ആസൂത്രണ സമിതിക്ക് കൈമാറി.

ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച സങ്കല്‍പ്പ് സപ്താഹ് പരിപാടികളുമായി സഹകരിച്ച ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ജില്ലാ ആസൂത്രണ സമിതി യോഗം അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്തുകള്‍ തയ്യാറാക്കിയ പദ്ധതി രേഖ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ആസുത്രണ സമിതി അംഗങ്ങള്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.