രാജ്യത്തിനകത്തും വിദേശത്തും നിലനില്‍ക്കുന്ന തൊഴില്‍ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനായി പുതിയ തലമുറയക്ക് അത്യന്താധുനിക രീതിയിലുള്ള പരിശീലനം നല്‍കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ അക്കാഡമിയില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ സ്‌കിലെക്‌സ്-2018 ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
നൈപുണ്യ വികസനമേഖലയില്‍ ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള  സഹകരണം ഉറപ്പാക്കിയാകും അക്കാഡമിയുടെ പ്രവര്‍ത്തനം. ലോകത്ത് വളര്‍ന്നുവരുന്ന പുതിയ തൊഴില്‍മേഖലകളിലും കേരളത്തിന്റെ സാന്നിധ്യം ഉറപ്പാക്കാന്‍ ഈ സഹകരണം സഹായകമാകും.
ഇരുനൂറോളം വിദ്യാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ പ്രവേശനം നേടിയിട്ടുള്ളത്. ഇവിടെ നടത്തുന്ന നാല്‍പ്പതോളം നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 1600 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുകയാണ് ലക്ഷ്യം.
കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിച്ചും നിലവിലുള്ള തൊഴില്‍ പരിശീലനസ്ഥാപനങ്ങളുടെ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും  വര്‍ധിപ്പിച്ചും  അവസരങ്ങളുടെ വാതിലുകള്‍ തുറന്നിടുകയാണ് സര്‍ക്കാര്‍ എന്നും മന്ത്രി പറഞ്ഞു.