ഇടുക്കി: ലോക മാനസികാരോഗ്യദിനാചരണത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ വഴിത്തല ശാന്തിഗിരി  കോളേജും മുട്ടം ഗവണ്മെന്റ് നഴ്‌സിംഗ് കോളേജും ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു. വൈകിട്ടു 3 മണിക്ക് ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച റാലി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ എന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി തൊടുപുഴ മുനിസിപ്പാലിറ്റി ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചേര്‍ന്നതിനു ശേഷം ശാന്തിഗിരി കോളേജ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഫ്‌ളാഷ് മോബ് നടത്തി. ശേഷം നടത്തിയ ഒപ്പുശേഖരണ പരിപാടിയില്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരും ഒപ്പ്  പങ്കാളികളായി.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം   പിജെ ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.  തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ഉമാദേവി എം ആര്‍, നോഡല്‍ ഓഫീസര്‍ ഡോ അമല്‍ എബ്രഹാം മുട്ടം ഗവണ്മെന്റ് നഴ്‌സിംഗ് കോളേജ് ട്യൂട്ടര്‍ ഡോ ലീലാമ്മ മാത്യു എന്നിവര്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഈ വര്‍ഷത്തെ ലോകമാനസികാരോഗ്യ ദിനാചരണത്തിന്റെ ചിന്താവിഷയമായ ‘യുവജനങ്ങളും മാനസികാരോഗ്യവും മാറുന്ന ലോകത്തില്‍ ‘ എന്ന വിഷയത്തെ കുറിച്ചും സംസാരിച്ചു. ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സൗജന്യ മാനസിക ചികിത്സ സൗകര്യം ഉണ്ടായിരിക്കുമെന്നും ഡി എം ഒ പറഞ്ഞു.