ദിശ’ അവലോകന യോഗം ചേർന്നു
മലപ്പുറം ജില്ലയിൽ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ വികസന കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ)യുടെ രണ്ടാം പാദ യോഗം ചേർന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി അധ്യക്ഷത വഹിച്ചു.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 17620 പ്രവൃത്തികളും ഈ സാമ്പത്തിക വർഷത്തിൽ 9495 പ്രവൃത്തികളും പൂർത്തീകരിക്കാനായി. 29164 പദ്ധതികളാണ് നിലവിൽ ജില്ലയിൽ പുരോഗമിക്കുന്നത്. മിഷൻ ‘അമൃത് സരോവർ’ പദ്ധതിയിലുൾപ്പെടുത്തി 71 കുളങ്ങളുടെ പുനരുദ്ധാരണം പൂർത്തീകരിക്കാനായി. ആറ് കുളങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (നീർത്തട ഘടകം) പദ്ധതി അരീക്കോട്, കുറ്റിപ്പുറം, വണ്ടൂർ, വേങ്ങര ബ്ലോക്കുകളിലെ 49 നീർത്തടങ്ങളിൽ നടപ്പാക്കി. നീർത്തടങ്ങളിലെ മണ്ണ്, ജലം, ജൈവ സമ്പത്ത് സംരക്ഷിക്കുകയും പരിപോഷിക്കുകയും അതിലൂടെ മണ്ണൊലിപ്പ് തടയുകയും മണ്ണിന്റെ ജൈവപോഷവണും ഈർപ്പവും വർധിപ്പിക്കുക, ഭൂഗർഭ ജലവിതാനം ഉയർത്തുക, കൃഷിക്കും കുടിവെള്ളത്തിനുമുള്ള ജലലഭ്യത ഉറപ്പാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്.
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (നീർത്തട ഘടകം 2.0) പദ്ധതിപ്രകാരം 13 കോടിയാണ് അനുവദിച്ചത്. അതിൽ 3.48 കോടി രൂപ ലഭിക്കുകയും 2.61 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. 4644 ഹെക്ടർ നീർത്തട പ്രദേശങ്ങളിലെ പരിപാലനമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. അങ്ങാടിപ്പുറം, കീഴാറ്റൂർ, വലമ്പൂർ, വില്ലേജുകളിലും മങ്കട, പുഴക്കാട്ടിരി പഞ്ചായത്തുകളിലുമായുള്ള നീർത്തടങ്ങളിലാണ് പദ്ധതികൾ നടപ്പാക്കിയത്.
സൻസദ് ആദർശ് ഗ്രാം യോജന (സാഗി) പദ്ധതി പ്രകാരം നന്നമ്പ്ര പഞ്ചായത്തിൽ 58, പുൽപ്പറ്റ-67, കരുളായി -51, കൽപകഞ്ചേരി -47, ചാലിയാർ -37, വള്ളിക്കുന്ന് -43, വെളിങ്കോട് -21, അമരമ്പലം -33, മുതുവല്ലൂർ -35, കീഴുപറമ്പ് 27, മാറാക്കര -27, എടപ്പറ്റ -21, മമ്പാട് -32 എന്നിങ്ങനെ പദ്ധതികൾ പൂർത്തീകരിച്ചു.
ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയായ ്രപധാനമന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ) പ്രകാരം സെപ്റ്റംബർ 30 വരെ 26.95 കോടി രൂപ ചെലവഴിച്ചു. 2020-22 കാലയളവിൽ നടപ്പാക്കിയ 14 റോഡുകളിൽ (57.026 കി.മീ) ഒമ്പത് എണ്ണം (35.769 കി.മീ) പൂർത്തിയാക്കി. ബാക്കി അഞ്ച് പ്രവൃത്തികൾ (21.257 കി.മീ) ഡിസംബർ 31നുള്ളിൽ പൂർത്തിയാക്കും. 2023-24 കാലയളവിൽ 14 പ്രവൃത്തികൾ (61.38 കി.മീ) ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മൂന്ന് പ്രവൃത്തികൾ (16.76 കി.മീ) എം.ഒ.ആർ.ഡി അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്. പദ്ധതിപ്രകാരം നിലമ്പൂർ ബോക്കിലെ പുന്നപ്പുഴക്ക് കുറുകെയുള്ള മുപ്പിനി പാലം പുനർനിർമിക്കുന്നതിനുള്ള ഡി.പി.ആർ അന്തിമഘട്ടത്തിലാണ്.
ദേശീയ ആരേഗ്യ ദൗത്യം (എൻ.എച്ച്.എം) പദ്ധിക്ക് കീഴിൽ വരുന്ന ‘ഹൃദ്യം’ പദ്ധതി പ്രകാരം 2017 നവംബർ മുതൽ ഈ വർഷം ഒക്ടോബർ വരെ 1425 കുട്ടികൾക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. 2743 പേരാണ് പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹൃദയ സംബന്ധമായ അസുഖമുള്ള കുട്ടികൾക്കുള്ള ചികിത്സ, ശസ്ത്രക്രിയ എന്നിവ നടപ്പാക്കാനാണ് പദ്ധി ലക്ഷ്യമിടുന്നത്.
അമ്മമാരെയും, കുട്ടികളെയും ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിക്കുന്നതിനും വീടുകളിൽ നിന്നും ആശുപത്രിയിൽ എത്തിക്കുന്നതിനും നടപ്പാക്കുന്ന ‘മാതൃയാനം’ പദ്ധതിയിൽ ഈ സാമ്പത്തിക വർഷത്തിൽ 27 ലക്ഷം രൂപ ചെലവഴിച്ചു. 3677 പേർക്കാണ് പദ്ധതി പ്രയോജനം കിട്ടിയത്.
അവലോകന യോഗത്തിൽ എൽ.എസ്.ജി.ഡി അസ്റ്റൻറ് ഡയറക്ടർ പി. ബൈജു സ്വാഗതം പറഞ്ഞു. എം.പിമാരായ പി.വി അബ്ദുൽ വഹാബ്, എം.പി അബ്ദുസ്സമദ് സമദാനി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) കെ. ലത, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.