സംസ്ഥാന സര്‍ക്കാരിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ രണ്ട് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മുതുതല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ സ്ഥലത്തെത്തി നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്തി. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പട്ടാമ്പി മണ്ഡലത്തിലെ തന്നെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രമായിരിക്കും മുതുതലയിലേത് എന്ന് എം.എല്‍.എ പറഞ്ഞു.

25 സെന്റ് സ്ഥലത്ത് രണ്ട് നിലകളിലായി 8,000 ചതുരശ്ര അടിയില്‍ ഒ.പി മുറി, ഫാര്‍മസി, ലബോറട്ടറി, ഡോക്ടര്‍മാരുടെ മുറി, പാലിയേറ്റിവ് മുറി, മിനി ഓപ്പറേഷന്‍ തിയേറ്റര്‍, നിരീക്ഷണ മുറി, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഏകദേശം മുന്നൂറോളം രോഗികള്‍ ദിനംപ്രതി ചികിത്സക്കായി എത്തുന്നുണ്ട്. പുതിയ കെട്ടിടത്തില്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചാല്‍ കിടത്തി ചികിത്സയടക്കമുള്ളവ സജ്ജമാക്കാനും രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ ചികിത്സ നടത്താനും സാധിക്കും. പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല.