ഭൂമി ഏറ്റെടുക്കലിൽ സംസ്ഥാനത്ത് നടപ്പാക്കിയ ഏറ്റവും മികച്ച പാക്കേജ്


കരിപ്പൂർ വിമാനത്താവള വികസനത്തിനായി ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മുഴുവൻ ഭൂമിയും ഏറ്റെടുത്ത് നൽകാൻ കഴിഞ്ഞതിൽ സംസ്ഥാനസർക്കാറിന് അഭിമാനർഹമായ നേട്ടം കൈവരിക്കാനായെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ.

 ഭൂമി വിട്ടുനൽകിയ കുടുംബങ്ങൾ, ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ അനുമോദിക്കുന്നതിനായി കരിപ്പൂർ ഹജ്ജ് ഹൗസിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയപാത സ്ഥലമേറ്റെടുക്കലിനേക്കാൾ മികച്ച നഷ്ടപരിഹാര പാക്കേജ് ഭൂവുടമകൾക്ക് നൽകാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ആഗസ്റ്റ് ഏഴിനാണ് ഫീൽഡ് പ്രവർത്തനങ്ങൾ തുടങ്ങിയത്. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ പ്രവർത്തനങ്ങളും പൂർത്തിയാക്കി എന്ന ചരിത്ര നേട്ടമാണ് സംസ്ഥാനം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

76 കുടുംബങ്ങൾക്കാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച പുനരധിവാസ പാക്കേജ് നൽകി സ്ഥലം ഏറ്റെടുത്തത്.
വിമാനത്താവള വികസനത്തിനായി പള്ളിക്കൽ വില്ലേജിൽ 5.56 ഏക്കറും നെടിയിരുപ്പ് വില്ലേജിൽ 6.9 ഏക്കറും കണക്കാക്കി 12.48 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ വിമാനത്താവള അതോറിറ്റിക്ക് ഏറ്റെടുത്തു നൽകുന്നത്.
76 ഭൂവുടമകളിൽ 28 പേർക്ക് ഭൂമിയും 11 പേർക്ക് മറ്റു നിർമ്മിതികളും 32 കുടുംബങ്ങൾക്ക് വീട് ഉൾപ്പെടെയുള്ള വസ്തുക്കളും 5 പേർക്ക് മറ്റ് കെട്ടിടങ്ങളും ഭൂമി ഏറ്റെടുക്കലിൽ നഷ്ടപ്പെടുന്നുണ്ട്. പുനനിരവധിവാസ പാക്കേജിലൂടെ 52 കുടുംബങ്ങളിൽ ഓരോ കുടുംബത്തിനും 3.56 കോടി രൂപ സർക്കാർ കൈമാറി. നഷ്ടപരിഹാരം നൽകുന്നതിനാവശ്യമായ 72.85 കോടിയിൽ 43.5 കോടി രൂപ ഇതിനോടകം ഭൂവുടമസ്ഥരുടെ അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ട്. ബാക്കിയുള്ള 27 കോടി രൂപ ഡെപ്യൂട്ടി കലക്ടറുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം തന്നെ മുഴുവൻ തുകയും ഭൂമി നഷ്ടപ്പെടുന്നവർക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ടി.വി ഇബ്രാഹിം എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ , കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹറാബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സി അബ്ദുറഹ്മാൻ, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ബാസ്, കൗൺസിലർമാരായ ഫിറോസ്, സൽമാൻ ഫാരിസ് , ഡെപ്യൂട്ടി കലക്ടർമാരായ ഡോ. ജെ.ഒ അരുൺ , കെ.ലത, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സമരസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.