വിജയമാതൃക ജനകീയമാക്കാന്‍ കര്‍ഷകക്കൂട്ടായ്മ
സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ പിന്തുണയോടെ ഹരിതം കര്‍ഷകക്കൂട്ടായ്മയിലെ കൂണ്‍ കര്‍ഷകനായ ലാലു തോമസ് വിജയകരമായി വിപണിയിലെത്തിച്ച ‘കൂണ്‍ കോഫി’ കൂടുതല്‍ ജനകീയമാക്കുന്നതിന് പരിശീലനം സംഘടിപ്പിക്കുന്നു. ഒരു വര്‍ഷം മുമ്പ് ‘ലാബെ’ ബ്രാന്‍ഡില്‍ അവതരിപ്പിച്ച കാപ്പിപൊടിക്ക് ജനപ്രിയതഏറുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍പേരെ കൂണ്‍കൃഷിയിലക്ക് ആകര്‍ഷിച്ച് തൊഴിലും വരുമാനവും ഉറപ്പാക്കാനുള്ള പുതുതുടക്കം.

മില്‍ക്കി, ഓയിസ്റ്റര്‍, ലയണ്‍സ്മാന്‍, ടര്‍ക്കിടൈല്‍, ബട്ടണ്‍ എന്നീ കൂണുകള്‍ കൃത്യമായ അനുപാതത്തില്‍ ചേര്‍ത്ത് ത്രിബിള്‍ എ ഗ്രേഡ് വയനാടന്‍ അറബിക്ക കാപ്പിക്കുരുവും സമന്വയിപ്പിച്ചാണ് ലാബെ കോഫി നിര്‍മിക്കുന്നത്. ബ്രാന്റിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും കൂണ്‍ കൃഷിയില്‍ സ്വയംപര്യാപ്തത നേടുന്നതിനുമായി വിവിധപദ്ധതികളാണ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. ‘ഞങ്ങളും കൂണ്‍ കൃഷിയിലേക്ക്’’ പദ്ധതിയിലൂടെയാണ് ഇതു സാധ്യമാക്കുക. കൂണ്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് ലക്ഷം രൂപയാണ് തലവൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തികവര്‍ഷം വകയിരുത്തിയിട്ടുള്ളത്.

സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉല്‍പാദനംവര്‍ദ്ധിപ്പിക്കുന്നതിനായി തലവൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനപരിപാടിയും നടത്തുന്നുണ്ട്. കോഫിക്കൊപ്പം ചോക്ലേറ്റ്, കുക്കീസ് തുടങ്ങിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ഇതേ ബ്രാന്റില്‍ വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. വിദേശ കമ്പനികളുമായി കൈകോര്‍ത്ത് കൂണ്‍ കോഫിയെ രാജ്യാന്തരവിപണിയില്‍ സാന്നിദ്ധ്യമാക്കാമെന്ന പ്രതീക്ഷയിലാണ് സംരംഭകനും തദ്ദേശസ്ഥാപനങ്ങളും കൃഷിഭവനും.