ജില്ലയിലെ തൊഴിലുറപ്പ് പദ്ധതി നിര്‍വ്വഹണത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ വാര്‍ഷിക റിപ്പോര്‍ട്ട് തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ ഒ.പി അബ്രഹാം ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന് സമര്‍പ്പിച്ചു. തൊഴിലുറപ്പു പദ്ധതിയില്‍ അംഗീകരിച്ച പ്രവൃത്തികളെ സംബന്ധിച്ച് കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അവബോധം നല്‍കുക, തൊഴിലിട സൗകര്യങ്ങള്‍ ഉറപ്പു വരുത്തുക, തൊഴില്‍ മേല്‍നോട്ട സംവിധാനം ശക്തിപ്പെടുത്തുക, കാലാവസ്ഥക്കനുസരിച്ചുള്ള പ്രവൃത്തികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക, പ്രതിമാസ തൊഴില്‍ ദിനം ആചരിക്കുക, മേറ്റുമാര്‍ക്ക് കിലയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുക, സോഷ്യല്‍ ഓഡിറ്റ് ഗൗരവപൂര്‍വ്വം പരിഗണിക്കുക, ലേബര്‍ ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് തൊഴിലുറപ്പു പ്രവൃത്തി നെല്‍കൃഷിയിലേക്ക് വ്യാപിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

100 ദിവസത്തെ തൊഴില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉറപ്പു വരുത്തിയിട്ടുണ്ടെങ്കിലും കേവലം 25 ശതമാനം കുടുംബങ്ങള്‍ മാത്രമേ ഈ അവകാശം പ്രയോജനപ്പെടുത്തുന്നുള്ളൂ. തൊഴിലുറപ്പു പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും 100 പ്രവൃത്തി ദിനം ലഭിക്കുന്നതിന് തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയും അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികളില്‍ കാലാനുസൃതം മാറ്റം വരുത്തുകയും വേണം. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കുകയും ചെയ്യണം എന്നിവ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളാണ്.