• ശോഭനകെ.എസ്. ചിത്രമട്ടന്നൂർ ശങ്കരൻകുട്ടിഎം. ജയചന്ദ്രൻശങ്കർ മഹാദേവൻസിത്താരസ്റ്റീഫൻ ദേവസി  തുടങ്ങി വമ്പൻ നിര
  • നവംബർ ഏഴിന് വൈകിട്ട് മെഗാഷോയോടെ സമാപനം

കലയുടെ മഹോത്സവമൊരുക്കി കേരളീയത്തിന്റെ സമ്പൂർണകലാവിരുന്ന്. നവംബർ ഒന്നിന് ശോഭനയുടെ നൃത്തപരിപാടി ‘സ്വാതി ഹൃദയ’ത്തോടെ തുടങ്ങുന്ന കേരളീയത്തിന്റെ സാംസ്‌കാരിക പരിപാടികൾ നവംബർ ഏഴിനു വൈകിട്ട് എം. ജയചന്ദ്രൻ, ശങ്കർ മഹാദേവൻ, കാർത്തിക്, സിത്താര, റിമി ടോമി, ഹരിശങ്കർ എന്നിവർ ഒന്നിക്കുന്ന മ്യൂസിക്കൽ മെഗാ ഷോ ‘ജയ’ത്തോടെ പൂർത്തിയാകും. കേരളീയത്തിന്റെ മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലാവും രണ്ടുപരിപാടികളും നടക്കുക.

കെ.എസ്. ചിത്രയുടെ ഗാനമേള, പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും മേള പ്രമാണി  മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും ഒന്നിക്കുന്ന മ്യൂസിക്കൽ ഷോ, ലക്ഷ്മി ഗോപാലസ്വാമി, രാജശ്രീ വാര്യർ, ജയപ്രഭാ മേനോൻ, ഡോ. നീന പ്രസാദ്, പാരീസ് ലക്ഷ്മീ, രൂപാ രവീന്ദ്രൻ തുടങ്ങിയവരുടെ നൃത്താവതരണം കേരളീയം കലാസന്ധ്യകൾക്ക് ഹരം പകരും.

 ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപും നടനും എം.എൽ.എയുമായ മുകേഷും ഒന്നിച്ചവതരിപ്പിക്കുന്ന ദൃശ്യസംഗീത അവതരണം ”കേരളപ്പെരുമ’, മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ മെഗാ കവിതാ ഷോ, സൂര്യ കൃഷ്ണമൂർത്തിയുടെ സംവിധാനത്തിൽ നാനൂറോളം കലാകാരന്മാർ അണിനിരക്കുന്ന പരമ്പരാഗത കലാമേള ‘നാട്ടറിവുകൾ’, ഗോപിനാഥ് മുതുകാടും മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളും ചേർന്ന് അവതരിപ്പിക്കുന്ന എംപവർ വിത്ത് ലവ്, മൾട്ടിമീഡിയ വിർച്വൽ റിയാലിറ്റി ഷോ ‘മലയാളപ്പുഴ’, മുപ്പതിൽപ്പരം നർത്തകർ പങ്കെടുക്കുന്ന ‘കാവ്യ കേരളം’ , ആയിരത്തോളം കലാലയ വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന ദൃശ്യസമസ്യ ‘വിജ്ഞാന കേരളം: വിജയ കേരളം’, അലോഷി ആദംസും ആവണി മൽഹാറും ചേർന്നൊരുക്കുന്ന മെഹ്ഫിൽ എന്നീ കലാപരിപാടികളും നവംബർ ഒന്നുമുതൽ ആറുവരെയുള്ള ദിവസങ്ങളിൽ അരങ്ങേറും. ഏഴുദിവസം നീണ്ടു നിൽക്കുന്ന ‘കേരളീയത്തിൽ’ മുന്നൂറോളം കലാപരിപാടികളിലായി 4100 കലാകാരന്മാർ വേദിയിലെത്തും.

സെൻട്രൽ സ്റ്റേഡിയം, നിശാഗന്ധി ഓഡിറ്റോറിയം, ടാഗോർ തിയേറ്റർ, പുത്തരിക്കണ്ടം മൈതാനം എന്നീ നാലു പ്രധാനവേദികളിലാണ് പ്രധാനകലാപരിപാടികൾ നടക്കുക. രണ്ടു നാടക വേദികൾ, 12 ചെറിയ വേദികൾ, 11 തെരുവ് വേദികൾ, സാൽവേഷൻ ആർമി ഗ്രാണ്ട് എന്നിങ്ങനെ 30 വേദികളിലായിരിക്കും കലാപരിപാടികൾ അരങ്ങേറുക.

സെനറ്റ് ഹാളിൽ പ്രൊഫഷണൽ, അമച്വർ നാടകങ്ങളും ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പൺ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ നാടകാവതരണവും ഉണ്ടാവും. വിവേകാനന്ദ പാർക്ക്, കെൽട്രോൺ കോമ്പൗണ്ട്, ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയം, ഭാരത് ഭവന്റെ എ.സി ഹാൾ, വിമൻസ് കോളജ് ഓഡിറ്റോറിയം, ബാലഭവൻ, പഞ്ചായത്ത് അസോസിയേഷൻ ഓഡിറ്റോറിയം, സൂര്യകാന്തി, മ്യൂസിയം റേഡിയോ പാർക്ക്, യൂണിവേഴ്സിറ്റി കോളേജ് പരിസരം, എസ്.എം.വി സ്‌കൂൾ, ഗാന്ധി പാർക്ക് എന്നിവയാണ് ചെറിയ വേദികൾ. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏഴുദിവസവും മറ്റു വേദികളിൽ നവംബർ 1 മുതൽ 6 വരെയും ആയിരിക്കും കലാപരിപാടികൾ നടക്കുക.