സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന സർക്കാർ/ എയ്ഡഡ് കോളജകൾ/ യൂണിവേഴ്‌സിറ്റി കോളജുകളിൽ ബരുദാനന്തര ബരുദത്തിന് രണ്ടാം വർഷം പഠിക്കുന്നവരും, നിലവിൽ പഠനം പൂർത്തിയായവരുമായ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് UGC/CSIR – NET പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നതിന് താത്പര്യമുള്ള കോളജുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ/ എയ്ഡഡ് കോളജുകൾ/ യൂണിവേഴ്‌സിറ്റികൾ മുഖേന പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ഈ പദ്ധതിക്കുകീഴിൽ സാമ്പത്തിക സഹായം അനുവദിക്കും. 50-ൽ കുറയാതെ വിദ്യാർഥികളെ പങ്കെുടുപ്പിച്ചുള്ള ഒരു ബാച്ചിന് 12 ദിവസങ്ങളിലായി 72 മണിക്കൂർ പരിശീലനം നൽകുന്നതിന് ഫാക്കൽറ്റി പ്രതിഫലം 72000 രൂപയും ഭരണച്ചെലവ് ഇനത്തിൽ ഒരു ബാച്ചിന് 7500 രൂപയും ചേർത്ത് ആകെ 79500 രൂപ പദ്ധതി നടപ്പിലാക്കുന്ന കോളജുകൾക്ക് അനുവദിക്കും.  2023-24 സാമ്പത്തിക വർഷം ഈ പദ്ധതി നടപ്പിലാക്കുന്നതിനായി 25 ബാച്ചുകളെയാണ് (സർക്കാർ/ എയ്ഡഡ് കോളജുകൾ/ യൂണിവേഴ്‌സിറ്റികൾ) തെരഞ്ഞെടുക്കുന്നത്. സ്ഥാപനത്തെ തെരഞ്ഞെടുത്തതിനുശേഷം പരിശീലന പരിപാടിയിൽ നിന്നും പിന്മാറുവാൻ പാടില്ല. പരിശീലന പദ്ധതിയുടെ സഹായം reimbursement ആയാണ് അനുവദിക്കുന്നത്.

ന്യൂനപക്ഷ വിദ്യാർഥികളുടെ തെരഞ്ഞെടുപ്പിൽ, സംഘാടകരുടെ കോളജിൽ നിന്നും 50 ശതമാനം വിദ്യാർഥികളെ തെരഞ്ഞെടുക്കാവുന്നതും ശേഷിക്കുന്ന 50 ശതമാനം വിദ്യാർഥികളെ സമീപസ്ഥമുള്ള മറ്റു സർക്കാർ/ എയ്ഡഡ് കോളജുകൾ/ യൂണിവേഴ്‌സിറ്റികളിൽ നിന്നും തെരഞ്ഞെടുക്കേണ്ടതുമാണ്. ബിരുദാന്തര ബിരുദത്തിന് ഒന്നാം വർഷ പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടി രണ്ടാം വർഷ പഠനം നടത്തുന്നവരെയും, ബിരുദാനന്തര ബരുദം 55 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവരെയും ഈ പരിശീലനത്തിന് പങ്കെുടുപ്പിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് പ്രവേശനത്തിൽ മുൻഗണന നൽകും. അപേക്ഷാ ഫോമിന്റെ മാതൃക www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ ആറ്. അയക്കേണ്ട വിലാസം: ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം – 33, കൂടുതൽ വിവരങ്ങൾക്ക്: 0471-2300524, 0471-2302090.