ആലപ്പുഴ: നല്ല ആരോഗ്യ ശീലത്തിലേയ്ക്ക് സമൂഹത്തെ നയിക്കുക എന്ന ലക്ഷ്യത്തോടെ ജില്ല മെഡിക്കൽ ഓഫീസിന്റെയും ജില്ല പോലീസിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത പരിപാടിയായ സ്‌മൈൽ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് നടക്കും.സ്റ്റുഡന്റ്‌സ് കേഡറ്റ് പദ്ധതിയിലൂടെ വിദ്യാർത്ഥികളിലും അവരിലൂടെ പൊതുജനങ്ങളിലും ശരിയായ ആരോഗ്യ ശീലങ്ങൾ എത്തിക്കുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി പകർച്ച വ്യാധി പ്രതിരോധിക്കലുമാണ് പരിപാടിയുടെ ആശയം.

സ്റ്റുഡന്റ്‌സ് മൂവ്മെന്റ് ടു ഇമ്പ്രൂവ് ലിവിങ് എൻവയോൻമെന്റ് എന്നതിന്റെ ചുരുക്ക രൂപമാണ് സ്‌മൈൽ. വിദ്യാർഥികളിലൂടെ ആരോഗ്യപൂർണമായ ജീവിതം നേടിയെടു്്ക്കുക എന്നതാണ് ഇതിന്റെ അർത്ഥം.ഇതിന്റെ ഭാഗമായി ജില്ലയിലെ 52 സ്‌കൂളുകളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകൾ സ്വന്തം വീട്ടിലും അവർക്ക് കഴിയാവുന്നത്ര വീടുകളിലും സന്ദർശിച്ച് ബോധവൽക്കരണം നടത്തും. ഇതിനായി എസ്.പി.സി പദ്ധതി നിലവിലുള്ള സ്‌കൂളുകളിലെ ഹെഡ്മാസ്റ്റർ, പരിശീലനം ലഭിച്ച ചാർജ് അധ്യാപകർ, പോലീസ് ഓഫീസർ, ആരോഗ്യ പ്രവർത്തകർ, എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനവും മാർഗനിർദേശങ്ങളും നൽകും.തുടർന്ന്് കുട്ടികൾ അവരവരുടെ വീടുകളിലും മറ്റു വീടുകളിലും സ്ഥിരമായി നിരീക്ഷണം നടത്തണം.ഈ വീടുകളിൽ ആഴ്ചയിൽ ഒരിക്കൽ കൊതുകിന്റെ ഉറവിട നശീകരണപ്രവർത്തനം നടക്കുന്നു എന്നും വിദ്യാർഥികൾ് ഉറപ്പുവരുത്തും. ഇന്ന് രാവിലെ(ഒക്ടോബർ11) 10 മണിക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ ഹയർസെക്കൻഡറി സ്‌കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ജില്ല വനിത ശിശു ആശുപത്രി സൂപ്രണ്ട് സി.മുരളീധരൻ പിള്ള സ്വാഗതം ആശംസിക്കും. മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.മാത്യു മുഖ്യപ്രഭാഷണം നടത്തും. നാർക്കോട്ടിക് ഡിവൈ.എസ്.പി. എ. നസിം ലോഗോ പ്രകാശനം ചെയ്യും.ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല ,ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.സി.ജയകുമാർ, വാർഡ് കൗണ്സിലർ സജിത ഫൈസൽ,സ്‌കൂൾ മാനേജർ എ. എം.നസീർ എന്നിവർ ചടങ്ങിൽ ആശംസകൾ നേരും.ആരോഗ്യ വകുപ്പ് ജില്ല മാസ്സ് മീഡിയ ഓഫീസർ സുജ പി.എസ് കൃതജ്ഞത രേഖപ്പെടുത്തും.