ആലപ്പുഴ: കുട്ടനാടിനെ ഗ്രസിച്ച മഹാ പ്രളയത്തെ തുടർന്ന് തളർച്ച നേരിടുന്ന ക്ഷീര മേഖലയ്ക്ക് പുത്തനുണർവേകാൻ കൈത്താങ്ങായി ‘അയാം ഫോർ ആലപ്പി’. ആലപ്പുഴ സബ് കളക്ടർ വി.ആർ. കൃഷ്ണ തേജ മുൻകൈയെടുത്ത് ക്ഷീരമേഖലയിലെ പ്രളയദുരിതാശ്വാസ സമിതിയുടെ നേതൃത്വത്തിൽ പ്രളയബാധിതരായ ക്ഷീരകർഷകർക്ക് പശുക്കളെ ദാനം ചെയ്യുന്നതാണ് ‘ഡൊണേറ്റ് എ കാറ്റിൽ’ എന്ന പദ്ധതി. സഹകരിക്കാൻ താല്പര്യമുള്ള സുമനസ്സുകളായ ദാതാക്കളുടെ സഹകരണത്തോടെ തുടങ്ങുന്ന പദ്ധതിയുടെ ഉദ്ഘാടനം പള്ളാത്തുരുത്തി സഹൃദയ വായനശാലക്ക് സമീപം സബ് കളക്ടർ വി. ആർ. കൃഷ്ണ തേജ നിർവഹിച്ചു. ആദ്യഘട്ടമായി സുരേഷ് ഉമ്മാശ്ശേരി, ബിന്ദു അമ്പാട്ട് എന്നീ ക്ഷീര കർഷകർക്ക് പശുക്കളെ കൈമാറി. സുരേഷിന്റെ മൂന്നു പശുക്കളെ നഷ്ടമായിരുന്നു. തൊഴുത്തും നശിച്ചു. ബിന്ദു അമ്പാട്ട് പ്രളയത്തെത്തുടർന്ന് ക്യാമ്പിലായിരുന്നു. ഭർത്താവ് കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്. സങ്കര വർഗ്ഗത്തിൽപ്പെട്ട പശുക്കളെയാണ് നൽകിയത്. ധാരാളം പേർ പശുക്കളെ നൽകാൻ തയ്യാറായി വരുന്നതായി കൃഷ്ണതേജ പറഞ്ഞു. സബ് കളക്ടർ കൃഷ്ണ തേജയുടെ പിതൃസഹോദരനായ ബാലാജി മൈലാവരപ്പ് ആണ് രണ്ട് ഗോക്കളെ ദാനം ചെയ്തത്. ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർമാരായ ഡി.ലക്ഷ്മണൻ, പ്രസന്ന ചിത്രകുമാർ, ദുരിതാശ്വാസ സമിതി ചെയർമാൻ ധ്യാനസുധൻ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ജി. ശ്രീലത, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.വിനുജി, ആലപ്പുഴ തെക്ക് ക്ഷീര സംഘം പ്രസിഡണ്ട് പി. അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.
ജില്ലയിൽ പ്രളയം മൂലം പശുക്കളെ നഷ്ടപ്പെട്ട 248 കുടുംബങ്ങളെ ആണ് ക്ഷീരവികസന വകുപ്പും, മൃഗസംരക്ഷണ വകുപ്പും ക്ഷീരസംഘങ്ങളും കൂടി കൂട്ടായി നടത്തിയ സർവേയിലൂടെ കണ്ടെത്തിയിട്ടുളളത്. ഇതിൽ ഏറ്റവും
ബുദ്ധിമുട്ട് അനുഭവിക്കുന്ന 133 കുടുംബങ്ങൾക്ക് ഒരു പശുവിനെ വീതം നൽകുവാനാണ് ലക്ഷ്യമിടുന്നതെന്ന് സബ്കളക്ടർ പറഞ്ഞു. ഐ.റ്റി മേഖലയിൽ പ്രവർത്തിക്കുന്നവർ, അന്യ സംസ്ഥാനത്ത് നിന്ന് നമ്മുടെ ബുദ്ധിമുട്ട് കേട്ടറിഞ്ഞവർ എന്നിങ്ങനെ വിവിധങ്ങളായ മേഖലയിൽ നിന്ന് ഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ക്ഷീരസംഘങ്ങൾ, ക്ഷീരവികസനവകുപ്പ്, മ്യഗസംരക്ഷണ വകുപ്പ്, മിൽമ എന്നിവരുടെ പ്രതിനിധികൾ അടങ്ങുന്ന ജില്ലാതല ദുരന്ത നിവാരണ സമിതി രൂപികരിച്ച് പ്രവർത്തിച്ചുവരുന്നുണ്ട്. ഈ പദ്ധതിയിലൂടെ പശുവിന്റെ സംഭാവന ചെയ്യുവാൻ താൽപ്പര്യമുള്ളവർക്ക് ക്ഷീരമേഖല ദുരന്ത നിവാരണ സമിതി ജില്ലാ ചെയർമാൻ ധ്യാനസുതൻ (9497730132), ഡൊണേറ്റ് എ കാറ്റിൽ പദ്ധതി കോ-ഓർഡിനേറ്റർ എൻ.വി.മനു (9600090621) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്