ആലപ്പുഴ: പ്രളയത്തിൽ നശിച്ച ചേന്ദമംഗലം കൈത്തറി പുനസ്ഥാപിക്കാനുള്ള ചേക്കുട്ടി പാവകളുടെ നിർമാണം ആലപ്പുഴയിലും.ആലപ്പുഴ നീർക്കുന്നം എസ്.ഡി.വി ഗവ യു.പി എസ്സിലെ നൂറോളം വരുന്ന വിദ്യാർഥികളാണ് ചേക്കുട്ടിപാവകളുടെ നിർമാണം ഏറ്റെടുത്തത്. വിദ്യാർഥികൾക്കുള്ള പരിശീലനവും സ്‌കൂളിൽ നടന്നു.
ചേറിനെ അതിജീവിച്ച കുട്ടി എന്നർഥമുള്ള ചേക്കുട്ടിപ്പാവകളുടെ നിർമാണത്തിലൂടേയും വിൽപ്പനയിലൂടെയും ലഭിക്കുന്ന മുഴുവൻ തുകയും പ്രളയത്തിൽ നശിച്ചുപോയ ചേന്ദമംഗലം കൈത്തറിയുടെ പുനസ്ഥാപനത്തിനാണ് ഉപയോഗിക്കുന്നത്. നെയ്ത്തുഗ്രാമത്തിന് കൈത്താങ്ങാകാനാണ് ഈ ദൗത്യത്തിൽ നീർക്കുന്നം ഗവ.സ്‌കൂളും പങ്കാളിയായത്. ഓണക്കാലത്ത് വിൽപ്പനയ്്ക്ക് തയ്യാറാക്കിവച്ചിരുന്ന ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങളും തുണികളും ഇഴകളും പ്രളയ സമയത്ത് വെള്ളവും ചേറും കയറി നശിച്ചുപോയിരുന്നു. ഈ തുണികൾ ഉണക്കി വൃത്തിയാക്കിയാണ് ചേക്കുട്ടി പാവകൾ നിർമിക്കുന്നത്. ഒരു കൈത്തറി സാരിയിൽ നിന്ന് 350ഓളം ചേക്കുട്ടി പാവകൾ നിർമിക്കാനാകും. 25 രൂപാ നിരക്കിലാണ് ചേക്കുട്ടി പാവകൾ വിൽക്കുന്നത്. ഒരു മുണ്ടിൽ നിന്ന് 200ഓളം ചേക്കുട്ടി പാവകൾ നിർമിക്കാനാകുമെന്നതും നേട്ടമാണെന്ന് ആർ.പി.എഫ് അസി.കമ്മീഷണർ മുഹമ്മദ് ഹനീഫ് പറഞ്ഞു. നീർക്കുന്നം സ്‌കൂളിൽ നിന്ന് 700ഓളം പാവകൾ നിർമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതും വിൽപ്പനയ്ക്കായി നൽകും. ചേക്കുട്ടി പാവനിർമാണത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് പരിശീലനം കാണാനെത്തിയ ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ മധുകുമാർ എസ്., എസ്.എം.സി ചെയർമാൻ ഐ.ഷെഫീഖ്, മാതൃസംഗമം പ്രസിഡൻ്റ് എസ്.സുമ തുടങ്ങിയവർ പങ്കെടുത്തു.