ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട മുഴുവൻ പ്രവൃത്തികളും ഒക്ടോബർ മാസത്തോടെ പൂർത്തീകരിക്കും. മണ്ഡലകാല ആരംഭത്തിനു മുമ്പേ മേൽപ്പാലം തുറന്ന് നൽകും. എൻ കെ അക്ബർ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന റെയിൽവേ മേൽപ്പാല അവലോകന യോഗത്തിലാണ് എംഎൽഎ തീരുമാനം അറിയിച്ചത്.
മേൽപ്പാലത്തിനു താഴെയുള്ള സ്ഥലത്ത് ഓപ്പൺ ജിം, പ്രഭാത സവാരിക്കുള്ള സംവിധാനം, ഇരിപ്പിടം എന്നിവ എംഎൽഎ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കി നൽകാൻ ഗുരുവായൂർ നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് എംഎൽഎ നിർദ്ദേശം നൽകി
തിരുവങ്കിടം അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഡിസൈൻ അപ്പ്രൂവൽ നടപടികൾ നടക്കുന്നതായും ഈ മാസം തന്നെ അതിനുള്ള നടപടികൾ പൂർത്തിയാക്കി റെയിൽവേ ബോർഡിന് സമർപ്പിക്കുമെന്ന് കെ-റെയിൽ അധികൃതർ യോഗത്തെ അറിയിച്ചു. യോഗശേഷം എൻ കെ അക്ബർ എംഎൽഎ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ ജി സുരേഷ്, നഗരസഭ ഉദ്യോഗസ്ഥർ, റെയിൽവേ ഉദ്യോഗസ്ഥർ, പൊതുമ രാമത്ത് ഉദ്യോഗസ്ഥർ എന്നിവർ മേൽപ്പാലം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി.
ഗുരുവായൂർ നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ഗുരുവായൂർ എസിപി കെ ജി സുരേഷ്, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ്, എഞ്ചിനീയര്‍ ഇ ലീല, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആർ ബി ഡി സി ഉദ്യോഗസ്ഥർ, കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു.