ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

കളമശ്ശേരിയിലെ എറണാകുളം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെയും നിര്‍മ്മാണ സൈറ്റുകള്‍ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി. നിര്‍മ്മാണം വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

സന്ദര്‍ശനത്തിനു ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നിര്‍വഹണ ഏജന്‍സികളെയും പങ്കെടുപ്പിച്ചു ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടല്‍ വേണ്ട വിഷയങ്ങളില്‍ അടിയന്തര ഇടപെടലിനായി മന്ത്രി തലത്തില്‍ പ്രത്യേക യോഗം ഉടന്‍ ചേരും.

വൈദ്യുതി, മെഡിക്കല്‍ ഗ്യാസ് സിസ്റ്റം, റൂഫിംഗ്, ലിഫ്റ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സമയക്രമവും യോഗത്തില്‍ നിശ്ചയിച്ചു. പരമാവധി വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് യോഗത്തില്‍ ധാരണയായി.

ഉപകരണങ്ങള്‍ ഉള്‍പ്പെടെ കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിനായി 449 കോടി രൂപയാണ് നിലവില്‍ ചെലവ് വരുന്നത്. ആദ്യഘട്ടത്തില്‍ 100 കിടക്കകളാകും ഉണ്ടാകുക. ഇറക്കുമതി ചെയ്യേണ്ടത് ഉള്‍പ്പെടെ 210 കോടി രൂപയുടെ ഉപകരണങ്ങള്‍ വേണ്ടി വരും. നിലവില്‍ എറണാകുളം ഗവ.മെഡിക്കല്‍ കോളജിലെ കെട്ടിടത്തിലാണ് കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കളമശേരിയിലെ മെഡിക്കല്‍ കോളജിന്റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് 368 കോടി രൂപ ചെലവില്‍ 8 നിലയില്‍ 8.27 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് സജ്ജമാകുന്നത്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. പ്രതാപ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹന്‍, കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. പി.ജി ബാലഗോപാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.