എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ “നേർവഴി” ബോധവൽക്കരണ ജില്ലാതല ഉദ്ഘാടനം നടത്തി. ക്യാമ്പയിന്റെ ഭാഗമായി കെ എസ് ആർ ടി സി ബസുകളിലും ഓട്ടോകളിലും സ്റ്റിക്കറുകൾ പതിച്ചു. ജില്ലാതല ഉത്‌ഘാടനം കെ എസ് ആർ ടി സി ജനറൽ കൺട്രോൾ ഇൻസ്‌പെക്ടർ കെ പ്രസന്നൻ നിർവഹിച്ചു. തൃശ്ശൂർ സെന്റ് മേരീസ്, സെന്റ് തോമസ് കോളേജുകളിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസ് വകുപ്പുമായി ബന്ധപ്പെടുന്നതിനുള്ള 9656178000 എന്ന ഹെൽപ് ലൈൻ നമ്പർ ഉൾപ്പെട്ട സ്റ്റിക്കറാണ് പതിച്ചത്. ലഭിച്ച വിവരത്തിനനുസരിച്ച് അന്വേഷണം നടത്തുകയും വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും ചികിത്സയും നൽകും. വിദ്യാർത്ഥികൾക്ക് ലഹരി വിൽപ്പന നടത്തുന്നവർക്കെതിരെ കേസെടുക്കാനുള്ള നടപടികളും സ്വീകരിക്കും.

പരിപാടിയിൽ 70 ബസ്സുകളിലും 25 ഓട്ടോറിക്ഷകളിലും സ്റ്റിക്കർ പതിപ്പിച്ചു. ജില്ലയിൽ എക്സൈസ് റേഞ്ച്, സർക്കിൾ ഓഫീസുകളുടെ നേതൃത്വത്തിൽ കെ എസ് ആർ ടി സി, പ്രൈവറ്റ് ബസുകൾ, ഓട്ടോറിക്ഷകൾ എന്നിവിടങ്ങളിലായി 750 വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കാനാണ് ലക്ഷ്യമിടുന്നത്.

പരിപാടിയിൽ ഇൻസ്‌പെക്ടർ കെ എ നാരായണൻ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി കെ സതീഷ് എന്നിവർ ബോധവൽക്കരണ സന്ദേശം നൽകി. തൃശ്ശൂർ എക്സൈസ് ഇൻസ്‌പെക്ടർ യു സതീഷ് കുമാർ, വിമുക്തി ജില്ലാ കോ ഓർഡിനേറ്റർ ഷഫീഖ് യൂസഫ്, സെന്റ് മേരീസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി സ്റ്റെഫി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.