2024 ലെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കളക്ടറേറ്റില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ തൃശ്ശൂര്‍ നിയമസഭാമണ്ഡലം 60-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ ടി ജെ ബിജോയ്ക്ക് കരട് വോട്ടര്‍ പട്ടിക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ഡിസംബര്‍ 9 വരെ കരട് വോട്ടര്‍ പട്ടികയില്‍ voters.eci.gov.in എന്ന വെബ്‌സൈറ്റിലൂടെയും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും നടത്താം. അന്തിമ വോട്ടര്‍ പട്ടിക 2024 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.

എല്ലാ താലൂക്ക് ഇലക്ഷന്‍ വിഭാഗങ്ങളിലും വില്ലേജ് ഓഫീസുകളിലും കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. www.ceo.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ടോ പൊതുജനങ്ങള്‍ക്ക് വോട്ടര്‍പട്ടിക പരിശോധിക്കാം. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൗജന്യമായി കരട് വോട്ടര്‍ പട്ടിക താലൂക്ക് ഇലക്ഷന്‍ വിഭാഗങ്ങളില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്. വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് 1950 എന്ന ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാം.

കളക്ടറേറ്റില്‍ നടന്ന കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരണത്തില്‍ ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എം സി ജ്യോതി, അസിസ്റ്റന്റ് ഇലക്ട്രല്‍ രജിസ്ട്രാര്‍ എം എഫ് ഗീവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.