വയനാട് ചുരത്തില്‍ അതിരൂക്ഷമാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. അവധിക്കാലത്ത് നൂറുകണക്കിന് വാഹനങ്ങളും നിരവധിയാത്രക്കാരുമാണ് മണിക്കൂറുകളോളം താമരശ്ശേരി ചുരം വഴിയില്‍ കുടങ്ങിയത്. സ്ത്രീകളും കുട്ടികളും രോഗികളുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വയനാട്ടിലേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ പൂഴിത്തോട് ബദല്‍പാത സാക്ഷാത്കരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു. കോഴിക്കോട് വയനാട് ജില്ലകളില്‍ ഉള്‍പ്പെട്ട താമരശ്ശേരി ചുരത്തിലെ 1,6,7,8 വളവുകള്‍ നിവര്‍ത്താനുള്ള നടപടികള്‍ വേഗത്തിലാക്കാണം. ചുരത്തില്‍ യാത്രക്കാര്‍ കുടങ്ങുന്ന അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ ടേക്ക് എ ബ്രേക്ക് സവിധാനങ്ങള്‍ അനിവാര്യമാണ്. ഗതാഗത നിയന്ത്രണത്തിന് പോലീസ്, ക്രെയിന്‍ സേവനങ്ങളും വേണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ റോഡ് പ്രാവര്‍ത്തികമാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ യോഗം വിലയിരുത്തി.
ഡയറ്റിന് ലഭ്യമാക്കിയ പ്ലാന്‍ തുക ഉപയോഗിച്ച് ജില്ലയിലെ എം.ആര്‍.എസ് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു. വയനാട് ഗവ. മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യവികസനം, മെഡിക്കല്‍ കോളേജിന് രാഹുല്‍ഗാന്ധി എം.പി യുടെ ഫണ്ടില്‍ നിന്നും അനുവദിച്ച ആംബലുന്‍സ് വാങ്ങാത്തതുമായ ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്തു. എത്രയും പെട്ടന്ന് ആംബുലന്‍സ് വാങ്ങണമെന്ന് എം.പി.യുടെ പ്രതിനിധി കെ.എല്‍.പൗലോസ് യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു.
നെല്ലാറച്ചാല്‍ ടൂറിസം വിശ്രമ കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍, പുരോഗതി കൈവരിക്കാനാവാത്ത എം.എല്‍ എ എസ്.ഡി.എഫ് – എഡിഎഫ് പ്രവൃത്തികളുടെ വിവരങ്ങള്‍, വൈത്തിരി ഗ്രാമ പഞ്ചായത്ത്, മാനന്തവാടി നഗരസഭ എന്നിവിടങ്ങളിലായി എസ്.സി എസ് ടി കാറ്റഗറിയില്‍ നിര്‍ദേശിച്ച കെട്ടിട നിര്‍മ്മാണ നടപടികള്‍, വൈത്തിരിയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടി എന്നിവ യോഗം ചര്‍ച്ച ചെയ്തു.
ജില്ലയിലെ 4412 അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ വിവിധ വകുപ്പുകളുടെ കീഴില്‍ നിര്‍മ്മിച്ച ഇതുവരെ ഉപയോഗിക്കാത്ത കെട്ടിടങ്ങള്‍, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ വിവരങ്ങള്‍ യോഗം വിലയിരുത്തി. വെള്ളമുണ്ട -തോട്ടോളിപ്പടി റോഡ് ,അമ്പലവയല്‍ എന്നിവിടങ്ങളിലെ പി.എം.ജി.എസ്.വൈ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന റോഡ് നിര്‍മ്മാണം, ബത്തേരി മിനി സിവില്‍ സ്റ്റേഷനു സമീപത്തെ റോഡ് ശോചനീയാവസ്ഥ, ചുങ്കം റോഡ് ജംഗ്ഷനിലെ ട്രാഫിക് ബ്ലോക്ക് എന്നിവയും യോഗം ചര്‍ച്ച ചെയ്തു.

ജില്ലയില്‍ നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏറ്റവും മികച്ച ബ്ലോക്ക് ഡെവലപ്‌മെന്റ് സ്ട്രാറ്റജി തയ്യാറാക്കിയ ബ്ലോക്ക് പഞ്ചായത്തായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് തിരെഞ്ഞെടുക്കപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിനുള്ള മൊമന്റോയും പ്രശസ്തി പത്രവും ജില്ലാ കളക്ടര്‍ ഡോ.രേണു രാജില്‍ നിന്നും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മറ്റു ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും പ്രശസ്തി പത്രം നല്‍കി. ആസ്പിരേഷന്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ടീമിനും പ്രശംസ പത്രം നല്‍കി.
എം.എല്‍.എ മാരുടെ ഫണ്ട് വിനിയോഗവും 2023-24 സാമ്പത്തിക വര്‍ഷത്തെ വിവിധ വകുപ്പുകളുടെ സാമ്പത്തിക വിനിയോഗവും എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്റെ പുരോഗതിയും യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അധ്യക്ഷത വഹിച്ചു. അഡ്വ.ടി.സിദ്ധീഖ് എം.എല്‍ എ, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.