* അന്വേഷണത്തിനു സ്‌പെഷ്യൽ ടീം രൂപീകരിച്ചു
* തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരേ കർശന നടപടി


കളമശേരിയിലുണ്ടായ സ്‌ഫോടന സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ അന്വേഷണത്തിന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീം രൂപീകരിച്ചിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ടു തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണു കളമശേരിയിലുണ്ടായത്. സംഭവത്തിൽ രണ്ടു പേർ മരണപ്പെട്ടു. 41 പേർ ഇപ്പോൾ ആശുപത്രിയിലുണ്ട്. എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ 27 പേരും സൺറെയ്‌സ് ആശുപത്രിയിൽ ആറു പേരും സാൻജോയ് ആശുപത്രിയിൽ നാലു പേരും ആസ്റ്ററിൽ രണ്ടു പേരും രാജഗിരിയിൽ രണ്ടു പേരും ചികിത്സയിലുണ്ട്. നാലു പേരെ ഡിസ്ചാർജ് ചെയ്തു. എറണാകുളം മെഡിക്കൽ സെന്റർ, സൺറെയിസ് ആശുപത്രികളിൽനിന്നു രണ്ടുവീതം പേരെയാണു ഡിസ്ചാർജ് ചെയ്തത്. അതീവഗുരുതരമായി കഴിയുന്ന അഞ്ചുപേരുണ്ട്. ഇതിൽ കളമശേരി മെഡിക്കൽ കോളജിൽ രണ്ടു പേരും ആസ്റ്ററിൽ രണ്ടു പേരും രാജഗിരിയിൽ ഒരാളുമാണ്. ഐസിയുവിൽ കഴിയുന്ന 17 പേരിൽ ഒമ്പതു പേർ മെഡിക്കൽ കോളജിലും എട്ടു പേർ മറ്റു സ്വകാര്യ ആശുപത്രികളിലുമാണ്.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല എഡിജിപി ലോ ആൻഡ് ഓർഡറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീമിനായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥനായി ഡിസിപി കൊച്ചി ശശിധരൻ ഐപിഎസിനെ നിശ്ചയിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിൽ 20 അംഗങ്ങളാണുണ്ടാകുക. സംഭവം നടന്നയുടൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉയർന്ന ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. കേരളത്തിന്റെ പ്രത്യേകത നിലനിർത്തിപ്പോകുന്നതിനാവശ്യമായ മുൻകരുതലെന്ന നിലയ്ക്ക് നാളെ(30 ഒക്ടോബർ) രാവിലെ 10ന് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മറ്റു കാര്യങ്ങൾ അപ്പോഴേയ്ക്കു വ്യക്തമാകുമെന്നാണു കരുതുന്നത്. സംഭവുമായി ബന്ധപ്പെട്ട കുറ്റവാളി ആരായാലും രക്ഷപ്പെട്ടുകൂടെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈ സംഭവത്തിൽ മാധ്യമങ്ങളുടെ പ്രതികരണം സ്വാഗതാർഹമാണ്. കേരളം ഒരു പൊതുവികാരത്തിലാണു നിന്നത്. പോസിറ്റിവായ നിലപാടാണു പൊതുവേ മാധ്യമങ്ങൾ സ്വീകരിച്ചുകണ്ടത്. ആരോഗ്യകരമായ സമീപനമാണു കേരളം ഇക്കാര്യത്തിൽ സ്വീകരിച്ചതെന്നാണു കാണുന്നത്. അക്കാര്യത്തിൽ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.

വിഷാംശമുള്ളവർ എപ്പോഴും ആ വഷം ചീറ്റിക്കൊണ്ടിരിക്കും. അത് അവരവരുടെ താത്പര്യത്തിനനുസരിച്ചാണു ചെയ്യുന്നത്. സംഭവത്തിൽ ഒരു കേന്ദ്ര മന്ത്രി നടത്തിയ പ്രസ്താവന പൂർണമായും വർഗീയ വീക്ഷണത്തോടെയുള്ളതാണ്. ഇതിന്റെ ചുവടുപിടിച്ചോ മറ്റു തരത്തിലോ ഇദ്ദേഹത്തോടൊപ്പമുള്ളവർ വലിയതരത്തിലുള്ള പ്രസ്താവന നൽകിയിട്ടുണ്ട്. മന്ത്രിസ്ഥാനത്തിരിക്കുന്നവർ അന്വേഷണ ഏജൻസികളോടു സാധാരണരീതിയിലുള്ള ആദരവു കാണിക്കണം. ഫലപ്രദമായ അന്വേഷണം നടക്കുകയാണ്. ഇപ്പോൾ കേരള പൊലീസാണു രംഗത്തുള്ളതെങ്കിലും കാര്യങ്ങൾ കാണുന്നതിനും അന്വേഷിക്കുന്നതിനും കേന്ദ്ര ഏജൻസികളും സ്ഥലത്തെത്തിയിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകൾ കണ്ടതാണ്. അത്തരമൊരു ഗൗരവമായ സംഭവത്തിൽ നേരത്തേതന്നെ ഒരു പ്രത്യേക നിലപാടെടുത്തു പ്രത്യേകമായി ചിലരെ ലക്ഷ്യംവച്ചുള്ള പ്രചാരണ രീതികളാണ് ഈയൊരു വിഭാഗം സ്വീകരിച്ചുകാണുന്നത്. അത് അവരുടെ വർഗീയ നിലപാടിന്റെ ഭാഗമാണ്. അതിനൊപ്പമല്ല കേരളം നിൽക്കുന്നത്.

കേരളം എല്ലാ വർഗീയതയ്ക്കും എതിരായ നിലപാടാണ് എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഈ സംഭവത്തിൽ ആരു തെറ്റുചെയ്താലും കുറ്റവാളിയോ കുറ്റവാളികളോ രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തത്തക്ക രീതിയിലുള്ള അന്വേഷണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. അത്തരമൊരു ഘട്ടത്തിൽ ഒരു പ്രത്യേക വിഭാഗത്തെ ടാർഗെറ്റ് ചെയ്യാനും ആക്രമണത്തിനു പ്രത്യേക മാനം കൽപ്പിക്കാനും തയാറാകുന്നത് ഏതു വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. അന്വേഷണം നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ മനസിലാക്കിയിട്ടാണോ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാൾ ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് അതീവ ഗൗരവമായി കാണണം. ഇത്തരത്തിലുള്ള വർഗീയ നീക്കങ്ങളുടെ ഭാഗമായി ആരും തെറ്റിദ്ധരിക്കപ്പെടരുത്. ഫലപ്രദവും നിയപരവുമായ ഇടപെടൽ ശക്തമായി ഉണ്ടാകും. കുറ്റവാളിയോ കുറ്റവാളികളോ ആരായാലും രക്ഷപ്പെടല്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളാണു നീങ്ങുന്നത്. ഇപ്പോൾത്തന്നെ പ്രത്യേക അന്വേഷണ സംഘം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.  ആ അന്വേഷണത്തിന്റെ ഭാഗമായി ശരിയായ രീതിയിൽത്തന്നെ കുറ്റവാളിയേയും കുറ്റവാളികളേയും കണ്ടെത്താൻ കഴിയുമെന്നുതന്നെയാണു പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.