അമൃത് കുടിവെള്ള പദ്ധതിക്കായി പൊളിച്ചിട്ട തൃപ്രയാര്‍ – കാഞ്ഞാണി റോഡ് ഗതാഗത യേഗ്യമാക്കണമെന്നും ജലജീവന്‍ പദ്ധതിക്കായി വരന്തരപ്പിള്ളി പഞ്ചായത്തിലെ മാട്ടുമലയില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി എംഎല്‍എമാര്‍ക്ക് നിരന്തരമായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ വികസന സമിതി നിര്‍ദ്ദേശം നല്‍കി. ചേറ്റുവ റോഡില്‍ ടൈല്‍ വിരിച്ചിടത്ത് രൂപപ്പെട്ട കുഴികള്‍ അടച്ച് ഗതാഗത യോഗ്യമാക്കണം. ഡ്രെയിനേജ് പ്രശ്‌നത്തില്‍ അടിയന്തിര പരിഹാരം കാണണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

കൃഷിക്ക് ഭീഷണിയായി കോള്‍പ്പാടത്ത് അടിഞ്ഞു കൂടിയ ചണ്ടിയും കുളവാഴയും കുരുവാലിയും നവംബര്‍ 5 നകം നീക്കം ചെയ്യണമെന്നും ജില്ലാ വികസന സമിതി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പുതുക്കാട് മണ്ഡലത്തിലെ നെല്ലായിക്കടവ് പാലം, കച്ചേരിക്കടവ് പാലം അപ്രോച്ച് റോഡ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് കലക്ടരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കും. പട്ടിക ജാതി വികസന വകുപ്പിന്റെ അബദ്കര്‍ കോളനി ദത്തെടുക്കലുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി സബ് കലക്ടറുടെ നേതൃത്വത്തില്‍ ചേരാനും യോഗം നിര്‍ദ്ദേശിച്ചു. പട്ടയ അസംബ്ലിയുമായി ബന്ധപ്പെട്ട പുരോഗതി ഇനി മുതല്‍ എല്ലാ ജില്ലാ വികസന യോഗത്തിലും വിലയിരുത്താനും യോഗം നിര്‍ദ്ദേശിച്ചു.

ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് എക്‌സിക്യൂട്ടീവ് കോണ്‍ഫറസ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എംഎല്‍എമാരായ എന്‍ കെ അക്ബര്‍, മുരളി പെരുനെല്ലി, സേവ്യര്‍ ചിറ്റിലപ്പിള്ളി, കെ കെ രാമചന്ദ്രന്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്ക്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി ആര്‍ മായ, റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി പ്രതിനിധി പ്രസാദ് പാറേരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.