മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു
മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ നവംബർ 18 ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ അധ്യക്ഷതയിൽ പൈവളികെ ഗ്രാമപഞ്ചായത്ത് ഹാളിൽ അവലോകന യോഗം ചേർന്നു. സംസ്ഥാനത്തെ പ്രഥമ നവകേരള സദസ്സിന് വേദിയാവുന്നത് മഞ്ചേശ്വരം ആണ്. പ്രഥമ പരിപാടി മികവുറ്റതാക്കി മാറ്റാനും മികച്ച മാതൃകയാക്കാനും എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ള പ്രവർത്തനങ്ങളും ഇനി നടപ്പാക്കുന്നതുമായ പ്രവർത്തനങ്ങളും ഉപസമിതി കൺവീനർമാരോട് മന്ത്രി ചോദിച്ചറിഞ്ഞു.
സംഘാടക സമിതി ചെയർപേഴ്സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മണ്ഡലത്തിലെ പ്രവർത്തന പുരോഗതികളും ഭാവി പ്രവർത്തനങ്ങളും വിശദീകരിച്ചു.
നവംബർ 18ന് ഉച്ചയ്ക്ക് 2 മണിക്ക് കലാ പരിപാടിയോടെയാണ് നവകേരള സദസ്സിന് തുടക്കമാവുക. പരിപാടിയുടെ പ്രചരണത്തിന് വിപുലമായ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും കുടുംബശ്രീ സി.ഡി.എസ് യോഗം വിളിച്ചു ചേർക്കും. പൈവളികെ, വോർക്കാടി പഞ്ചായത്തുകളിൽ യോഗം പൂർത്തീകരിച്ചു. ബാക്കിയുള്ള പഞ്ചായത്തുകളിൽ നവംബർ ഒന്ന്, രണ്ട് , മൂന്ന് തീയ്യതികളിൽ യോഗം ചേരും. പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്താൻ നവംബർ രണ്ടിന് മഞ്ചേശ്വരം ബ്ലോക്കിൽ എസ്.സി, എസ്.ടി പ്രൊമോട്ടർമാരുടെ യോഗം ചേരും. മണ്ഡലത്തിലെ എല്ലാ സ്കൂളുകളുടെയും പ്രധാനാധ്യാപകർ, പി.ടി.എ പ്രസിഡന്റുമാർ , മാനേജർമാർ എന്നിവരുടെ സംയുക്ത യോഗവും നവംബർ രണ്ടിന് ചേരും. നവംബർ 4, 5 തീയതികളിൽ വീട്ടുമുറ്റ സദസ്സ് നടത്തും. നവംബർ 12 ന് ദീപാവലി ദിനത്തിൽ എല്ലാ വീടുകളിലും നവകേരള ദീപം തെളിയിക്കും. 15, 16 തീയതികളിൽ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വിളംബര ജാഥ നടക്കും. തെരുവോര ചിത്രരചന സംഘടിപ്പിക്കും. വളണ്ടിയർ കമ്മിറ്റിയിൽ യുവജന ക്ഷേമ ബോർഡിന് കീഴിലുള്ള വളണ്ടിയർമാരെയും ഉൾപ്പെടുത്തും. പൊലിസ് , അഗ്നി രക്ഷാ സേന, സ്കൗട്ട് ആൻഡ് ഗൈഡ്സ് , എൻ.എസ്.എസ്. , എൻ.സി സി. വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗം വിളിക്കും.
ജില്ലാ കളക്ടർ കെ ഇമ്പശേഖർ ,സംഘാടക സമിതി കൺവീനറായ ആർ.ഡി.ഒ അതുൽ സ്വാമിനാഥ് , പ്രചരണ കമ്മിറ്റി ചെയർമാൻ കെ.ആർ ജയാനന്ദ, പൈവളികെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി ജഗദീഷ്, കൾച്ചറൽ കമ്മിറ്റി കൺവീനറായ മൈനർ ഇറിഗേഷൻ അസി. എക്സിക്യൂട്ടിവ് എഞ്ചിനീയർ ഇ.കെ അർജുനൻ , പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ എ നാഗേഷ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ടി സുരേന്ദ്രൻ , വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ, അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.
നവകേരള സദസ്സിന് വേദിയൊരുക്കുന്ന പൈവളികെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനം മന്ത്രി സന്ദർശിച്ചു. തുടർന്ന് വേദിയുടെയും ഇരിപ്പിടങ്ങളുടെയും രൂപരേഖ പരിശോധിച്ചു.