ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി & സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്‍ഡ്യ ‘സ്വസ്ത് ഭാരത് യാത്ര’ എന്ന പേരില്‍ രാജ്യമൊട്ടാകെ സൈക്ലാത്തോണ്‍ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 16ന് വൈകുന്നേരം നാലിന് കനക്കുന്ന് കൊട്ടാരത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. സൈക്ലാത്തോണിന്റെ ഫ്‌ളാഗ് ഓഫ് 17ന് കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്കില്‍ രാവിലെ ഏഴ് മണിയ്ക്ക് നടക്കും.
‘സുരക്ഷിതമായ ഭക്ഷണവും,’ആരോഗ്യകരവുമായ ഭക്ഷണവും’എന്ന രണ്ട് പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് രാജ്യമൊട്ടാകെ ആറ് കേന്ദ്രങ്ങളില്‍ നിന്ന് അന്ന് സൈക്ലാത്തോണ്‍ തുടങ്ങുന്നത്. തിരുവനന്തപുരത്തിനു പുറമേ ലെ, പനാജി, പുതുച്ചേരി, റാഞ്ചി, അഗര്‍ത്തല എന്നിവിടങ്ങളില്‍ നിന്ന് 7500 സൈക്ലിസ്റ്റുകള്‍ 150 ദിവസത്തോളം രാജ്യമൊട്ടാകെ സഞ്ചരിച്ച് 2019 ജനുവരി 27ന് ന്യൂഡല്‍ഹിയില്‍ സംയോജിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്ത് പരിപാടിയുടെ ചുമതലയും ഏകോപനവും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ കാര്യാലയമാണ് നിര്‍വഹിക്കുന്നത്.
പരിപാടിയുടെ സന്ദേശം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. www.fssai.gov.in/ swasthbharatyatra അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പരായ 1800 112 100 എന്ന നമ്പരിലോ വിളിച്ച് രജിസ്റ്റര്‍ ചെയ്ത് വോളന്റീയര്‍ ആയി പരിപാടിയില്‍ സഹകരിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. സൈക്ലാത്തോണ്‍ സംസ്ഥാനത്ത് സഞ്ചരിക്കുവാന്‍ നിശ്ചയിച്ചിട്ടുള്ള തിരുവനന്തപുരം മുതല്‍ തക്കല വരെയുള്ള വഴികളില്‍ ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി വിവിധ ബോധവല്‍ക്കരണ ക്ലാസ്സുകളും ഉറപ്പാക്കിയിട്ടുണ്ട്. തെരെഞ്ഞെടുക്കപ്പെട്ട ഭക്ഷണങ്ങള്‍ പരിശോധിക്കുന്നതിലേയ്ക്കായി മൊബൈല്‍ അനലിറ്റിക്കല്‍ ലബോറട്ടറികളുടെ സേവനവും യാത്രയോടൊപ്പം ഒരുക്കിയിട്ടുണ്ട്.