മാലിന്യമുക്തം നവകേരളം കാമ്പയ്‌ന്റെ ഭാഗമായി ശിശുദിനത്തില്‍ ( നവംബര്‍ 14) ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ആലോചനയോഗത്തിലാണ് തീരുമാനം. ഹരിതസഭയിലും തുടര്‍ പ്രവര്‍ത്തനങ്ങളിലും എല്ലാ സ്വകാര്യ-സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കളക്ടര്‍ നിർദേശം നൽകി.

ജില്ലാ ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഭാഗ്യരാജ് കെ ആര്‍, പ്രോഗ്രാം ഓഫീസര്‍ അനുമോള്‍ തങ്കച്ചന്‍ എന്നിവര്‍ ഹരിത സഭ സംഘാടനം സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ വിശദീകരിച്ചു. മാലിന്യസംസ്‌കരണരംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുക, പുതുതലമുറയില്‍ ശാസ്ത്രീയമാലിന്യസംസ്‌കരണം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക, മാലിന്യമുക്തം നവകേരളസൃഷ്ടിക്കായി പുതിയ തലമുറയുടെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള വേദി ഒരുക്കുക, ശുചിത്വമാലിന്യസംസ്‌കരണപ്രവര്‍ത്തനങ്ങളുടെ മാതൃകയായി വിദ്യാഭ്യാസസ്ഥാപനങ്ങളെ മാറ്റുക, വിദ്യാലയങ്ങളില്‍ മാലിന്യസംസ്‌കരണസംവിധാനങ്ങള്‍ ഉറപ്പുവരുത്തുക എന്നിവയാണ് ഹരിതസഭയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഓരോ തദ്ദേശസ്ഥാപനപരിധിയിലെയും സ്‌കൂള്‍ കുട്ടികളെ ഹരിതസഭയിലേക്ക് തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ അതത് പ്രദേശങ്ങളിലെ മാലിന്യസംസ്‌കരണത്തിന്റെ നിലവിലെ അവസ്ഥ, മാലിന്യകൂനകള്‍, മാലിന്യങ്ങള്‍ വലിച്ചെറിയല്‍, കത്തിക്കല്‍, ജലാശയങ്ങളുടെ മലിനീകരണം, ഒറ്റ തവണ ഉപയോഗമുള്ള നിരോധിത പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം, വില്‍പ്പന തുടങ്ങിയ നിയമലംഘനങ്ങള്‍ സംബന്ധിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കണം. ഈ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങളും പ്രശ്‌നങ്ങളും തദ്ദേശസ്ഥാപനങ്ങള്‍ വിലയിരുത്തുകയും അവ പരിഹരിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. തുടര്‍ന്ന് കൈക്കൊണ്ട നടപടികളുടെ റിപ്പോര്‍ട്ട് തദ്ദേശസ്ഥാപനങ്ങള്‍ ഹരിതസഭയില്‍ അവതരിപ്പിക്കും.

യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ഡിഇഒ മാര്‍ , സിബിഎസ്ഇ സ്‌കൂളുകളുടെ ഇടുക്കി ജില്ലാ സിറ്റി കോ -ഓര്‍ഡിനേറ്റര്‍, സഹോദയ ജില്ലാ പ്രസിഡന്റ്, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍മാര്‍ , തദ്ദേശസ്ഥാപനങ്ങളിലെ ഹരിതസഭ സംഘാടനചുമതലയുള്ള നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.