*സംഘാടക സമിതി രൂപീകരിച്ചു

കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജിലെ നവീകരിച്ച ലൈബ്രറിയും പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും നവംബര്‍ 9 ന് രണ്ട് മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി എ സി മൊയ്തീന്‍ എംഎല്‍എ, രമ്യ ഹരിദാസ് എംപി എന്നിവര്‍ രക്ഷാധികരികളായും കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ചെയര്‍മാനുമായ സംഘാടക സമിതി രൂപീകരിച്ചു. ജന. കണ്‍വീനറായി കോളേജ് പ്രിന്‍സിപ്പല്‍ കെ.ബി സുരേഷ് കുമാറിനെയും തെരഞ്ഞെടുത്തു. നാല് സബ്ബ് കമ്മിറ്റികള്‍ക്കും യോഗം രൂപം നല്‍കി.

സംഘാടക സമിതി രൂപീകരണ യോഗം എ സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗവ. പോളിടെക്‌നിക് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ.എസ് രേഷ്മ, ചിത്ര വിനോഭാജി, പ്രിന്‍സിപ്പല്‍ കെ.ബി സുരേഷ് കുമാര്‍, പൊതുമരാമത്ത് വകുപ്പ് എക്‌സി. എഞ്ചിനീയര്‍ ആശ, നഗരസഭാംഗങ്ങള്‍, പിടിഎ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിദ്യാഭ്യാസ വകുപ്പിന്റെ 2018 – 19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് വായനയുടെ ലോകം തീര്‍ക്കാന്‍ വിശാലമായ വായനാശാലയൊരുക്കിയത്. 1202 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഇരു നിലകളിലായായാണ് കെട്ടിടം പണി പൂര്‍ത്തീകരിച്ചത്. വിദ്യാര്‍ത്ഥികളുടെ കാലങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. വിദ്യാലയത്തിലെ പരിമിത സൗകര്യത്തിലാണ് വായനാമുറി പ്രവര്‍ത്തിച്ചിരുന്നത്.

നാല് കോടി രൂപ വിനിയോഗിച്ചാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മിച്ചത്. ഇരു നിലകളിലായാണ് മനോഹരവും വിശാലവുമായ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് പണിതുയര്‍ത്തിയിട്ടുള്ളത്. താഴത്തെ നിലയില്‍ ഓഫീസ് റൂം, പ്രിന്‍സിപ്പാള്‍ റൂം, പരീക്ഷാ ഹാള്‍, റെക്കോര്‍ഡ് റൂം എന്നിവയും ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, പ്ലേസ്‌മെന്റ് സെല്‍, ഗസ്റ്റ് റൂം, സ്റ്റാഫ് ഡൈനിങ്ങ് റൂം, പിടിഎസ് റൂം എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.