തൊടുപുഴ നഗരസഭ പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു. നഗരസഭ ഓഫീസിനു മുന്‍വശം മുതല്‍ മുവാറ്റുപുഴ റോഡില്‍ നഗരസഭ അതിര്‍ത്തി വരെയും റോഡിന്റെ ഇരുഭാഗങ്ങളിലും അനധികൃതമായി സ്ഥാപിച്ചവയാണ് ആരോഗ്യസ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. ഗതാഗതതടസം സൃഷ്ടിച്ചും കാഴ്ച മറച്ചും അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, നഗരസഭ സെക്രട്ടറി ബിജുമോന്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു.

തൊടുപുഴ നഗരസഭയില്‍ നിന്നും അനുമതി വാങ്ങാതെ നിര്‍മ്മാണം നടത്തിയിട്ടുള്ളതും നിലവിലുള്ള കെട്ടിടങ്ങളോട് കൂട്ടിച്ചേര്‍ത്ത് വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നഗരസഭ അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അനുവദിച്ചിട്ടുള്ള സമയ പരിധിക്കുള്ളില്‍ നോട്ടീസ് നിര്‍ദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.

നഗരപരിധിയില്‍ അനധികൃത നിര്‍മ്മാണം തടയുന്നതിന് നഗരസഭ എഞ്ചിനീയറിങ്, ആരോഗ്യം, റവന്യൂ എന്നി വിഭാഗങ്ങളുടെ സംയുക്തസ്‌ക്വാഡാണ് പരിശോധന നടത്തിയത്.
നഗരസഭ റവന്യൂ ഇന്‍സ്‌പെക്ടര്‍ രാജേഷ്, കെ ജി, ഓവര്‍സിയര്‍ അഭിലാഷ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് കുമാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.