കേരളത്തിന്റെ മിസ്റ്റി കാമ്പസായ മൂന്നാര്‍ സര്‍ക്കാര്‍ കോളേജ് ഇനി സമ്പൂര്‍ണ്ണ ചെസ് സാക്ഷരകാമ്പസ്. ഔദ്യോഗികപ്രഖ്യാപനം ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ്മ നടത്തി. ചെസ് സാക്ഷരകലാലയമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഗ്രൗണ്ടില്‍ വലിയ ചെസ് ബോര്‍ഡ് തീര്‍ക്കുകയും അതില്‍ പ്രതീകാത്മകമായി കറുപ്പും വെളുപ്പും വസ്ത്രങ്ങളണിഞ്ഞ് ചെസ്സ് കരുക്കളായി അധ്യാപകരും വിദ്യാര്‍ഥികളും അണിനിരക്കുകയും ചെയ്തു.
രണ്ടാഴ്ചക്കാലം നീണ്ടു നിന്ന പരിശീലനപരിപാടിയുടെ ഭാഗമായി കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ഥികളും , അധ്യാപകരും അനധ്യാപകരും ചെസ് പഠിച്ചു. പദ്ധതിയുടെ മാസ്റ്റര്‍ പരിശീലനായ തൃശൂര്‍ സ്വദേശി എ. മനോജ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കി. പരിശീലനം നേടിയവര്‍ മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കുകയാണ് ചെയ്തത്. കുട്ടികളുടെ ചിന്താശേഷിയും വിശകലനശേഷിയും വളര്‍ത്തി കാമ്പസില്‍ സൗഹൃദാന്തരീക്ഷം വളര്‍ത്തുന്നതിനും കേരളത്തിലെ കാമ്പസുകളെ മദ്യത്തിനും ലഹരിക്കും അടിമപ്പെടാതെ കളികളുടെ ലഹരിയിലേക്ക് കൈപിടിച്ചു കയറ്റുകയാണ് ലക്ഷ്യം .
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മനേഷ് എന്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ‘ചെസ് സാക്ഷരകാമ്പസ് ‘ പദ്ധതി കോഓര്‍ഡിനേറ്റര്‍ ഡോ. സോണി ടി. എല്‍ പദ്ധതി വിശദീകരിച്ചു. യൂണിയന്‍ ചെയര്‍മാന്‍ അമല്‍ പ്രേം, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വന്ദന കെ.ടി, ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. ദീപ രഘുകുമാര്‍ എന്നിവര്‍ സംസാരിച്ചു.