നവീകരിച്ച ആലുവ ജവഹർലാൽ നെഹ്റു മുൻസിപ്പൽ പാർക്ക് ഉദ്ഘാടനം ചെയ്തു

നാടിന്റെ സാഹോദര്യവും മതസൗഹാർദവും ശക്തിപ്പെടുത്താൻ ഒത്തുചേരലുകൾക്കായി പൊതുവിടങ്ങൾ അനിവാര്യമാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരിച്ച ആലുവ ജവഹർലാൽ നെഹ്റു മുൻസിപ്പൽ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വിനോദം, വിശ്രമം, വ്യായാമം എന്നിവയ്ക്കായി പെരിയാറിന്റെ തീരത്ത് അതിമനോഹരമായാണ് ജവഹർലാൽ നെഹ്റു മുൻസിപ്പൽ പാർക്ക് നവീകരിച്ചിരിക്കുന്നത്. ഇതിൽ പങ്കാളികളായ നഗരസഭയും മറ്റും സ്ഥാപനങ്ങളുടെയും പ്രവർത്തനം അഭിനന്ദനാർഹമാണ്. നാടിന്റെ ഐക്യവും മതസൗഹാർദവും കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഇതിനായി ഇത്തരം പൊതുവിടങ്ങൾ ഉണ്ടാകണം.

കോവിഡാനന്തര കാലഘട്ടത്തിൽ പ്രാദേശിക ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നൽകിയാണ് സർക്കാർ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. കേരളം രൂപീകരിച്ചതിനു ശേഷം സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ആഭ്യാന്തര സഞ്ചാരികൾ എത്തിയ വർഷമാണ് 2022. ന്യൂയോർക്ക് ടൈംസ് കോവിഡാനന്തര കാലഘട്ടത്തിൽ കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളുടെ പേരുകൾ പുറത്തുവിട്ടിരുന്നു. ഇതിൽ കേരളം ഉൾപ്പെട്ടിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.

വിദേശ മാതൃകയിൽ പാലങ്ങളെ ദീപാലംകൃതമാക്കുന്നതിനുള്ള പദ്ധതി പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും ചേർന്ന് നടപ്പിലാക്കുകയാണ്. ഇതിനായി ആലുവ മാർത്താണ്ഡവർമ്മ പാലവും തിരഞ്ഞെടുത്തിട്ടുണ്ട്. പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. ചരിത്ര പ്രാധാന്യമുള്ള ആലുവയിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

2018ലെ പ്രളയത്തിൽ തകർന്ന ആലുവ ജവഹർലാൽ നെഹ്റു മുൻസിപ്പൽ പാർക്ക് നഗരസഭ അപ്പോളോ ഗ്രൂപ്പ് ഫൗണ്ടേഷൻ, നെക്സ്റ്റ് ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് നവീകരിച്ചത്. പൂന്തോട്ടം, ചിൽഡ്രൻസ് ട്രാഫിക് പാർക്ക്, നടപ്പാത, പുഴയോര വാക്ക് വേ, ഓപ്പൺ ജിം, കിഡ്സ് പ്ലേ പാർക്ക്, സ്കേറ്റിങ് ട്രാക്ക്, സീനിയർ സിറ്റിസൺ കോർണർ, യോഗ ലോൻ, കഫ്റ്റെരിയ, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്.

ഉദ്ഘാടന യോഗത്തിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ആലുവ നഗരസഭ ചെയർമാൻ എം.ഒ ജോൺ, ഡെപ്യൂട്ടി ചെയർപേഴ്സൺ സൈജി ജോളി, അപ്പോളോ ടയർ ഫൗണ്ടേഷൻ ഹെഡ് ജോർജ് ഉമ്മൻ, നെസ്റ്റ് ഗ്രൂപ്പ് എം.ഡി എൻ. ജഹാംഗീർ ,നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, കൗൺസിലർമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.