ഡിജിറ്റല്‍ മുന്നേറ്റത്തിലും മികച്ച ഭരണനിര്‍വഹണ സംവിധാനത്തിലും വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിന് രാജ്യത്തിനും ലോകത്തിനുമായി മികച്ച മാതൃകകള്‍  സൃഷ്ടിക്കാനാകുമെന്ന് കേരളീയം സെമിനാര്‍. മാനുഷിക മുഖമുള്ള ഭരണനിര്‍വ്വഹണ സംവിധാനമാണ് കേരളത്തിലേതെന്നും സുസ്ഥിര വികസനം, ആരോഗ്യ- പാരിസ്ഥിതിക സൂചകങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കേരളം മാതൃകയാണന്നും സെമിനാറില്‍ അഭിപ്രായമുണ്ടായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്‌ചെയ്ന്‍ പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഇ ഗവേണന്‍സില്‍ നിന്നും പൗരന്‍മാര്‍ക്ക് രേഖകളെല്ലാം മുന്‍കൂട്ടി ലഭ്യമാക്കുന്ന പ്രെഡിക്റ്റീവ് ഗവേണന്‍സിലേക്ക് ചുവടുമാറണമെന്നും സെമിനാറില്‍ നിര്‍ദേശമുണ്ടായി.

മാറുന്ന കാലത്തിനനുസരിച്ച് നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തണമെന്നും നയരൂപീകരണത്തില്‍ വസ്തുതകളുടെ അപഗ്രഥനം ആവശ്യമാണെന്നും ഡിജിറ്റല്‍ ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവന്നു. ഫയലുകളില്‍ കേന്ദ്രീകരിക്കാതെ പൗരന്‍മാര്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. വയോജന-സ്ത്രീ- പാര്‍ശ്വവല്‍കൃത സമൂഹത്തിന് സേവന വിതരണം ഉറപ്പാക്കണം. സര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ എങ്ങനെ ലഭിക്കും എന്ന അറിവ് വ്യാപകമാക്കണമെന്നും   കേരളത്തിലെ ഭരണ നിര്‍വഹണവും സേവനവിതരണവും  എന്ന വിഷയത്തില്‍ ടഗോര്‍ തിയേറ്ററില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.

ഭരണനിര്‍വഹണത്തിന്റെ കാര്യത്തിലും ഇന്ത്യയില്‍ പൊതുവെയുള്ള നിലപാടുകളല്ല കേരളം സ്വീകരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. രാജ്യത്ത് പട്ടാളക്കാരെ പോലും കരാര്‍ നിയമനം നടത്തുന്ന കാലത്ത് പരമാവധി  സ്ഥിരം തൊഴില്‍ നിയമനം നല്‍കിയാണ് സംസ്ഥാനം ഭരണനിര്‍വ്വഹണ സംവിധാനം കാര്യക്ഷമമാക്കുന്നത്. 2016 മുതല്‍ മുപ്പത്തിനായിരത്തില്‍ അധികം പുതിയ തസ്തികകള്‍ സൃഷ്ടിക്കാനായി. കോവിഡ് കാലത്തു ശമ്പള പരിഷ്‌കരണം നടത്തിയ ഏക സംസ്ഥാനം കേരളമാണ്.
സേവന വിതരണത്തില്‍ കാലതാമസം ഒഴിവാക്കി ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ അതിവേഗം സേവനം ലഭ്യമാക്കാനുള്ള ദൗത്യങ്ങള്‍ക്കിടയില്‍ തീരുമാനം എടുക്കുന്നതിലും സേവനം എത്തിക്കുന്നതിലും കാലതാമസം വരുത്തരുത്. നിലവില്‍ 905 വാതില്‍പ്പടി സേവനം സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ നേരിട്ട് ആവശ്യക്കാരുടെ അടുക്കലേക്ക് എത്തുന്ന രീതിയില്‍ സേവന വിതരണം മെച്ചപ്പെടണമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.

അഡിഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് വിഷയാവതരണം നടത്തി. മാറുന്ന കാലത്തിനനുസൃതമായി മാറാത്ത നിയമങ്ങളും ചട്ടങ്ങളും അധാര്‍മികമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടറും മുന്‍ ചീഫ് സെകേട്ടറിയുമായ കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു. ഭരണനിര്‍വഹണത്തില്‍ മാറ്റങ്ങള്‍ വേണമെന്ന ഉള്‍ക്കാഴ്ചയോടെ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കുണ്ട്. 5.22 ലക്ഷം പേര്‍ അടങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതു സേവകരെന്ന ബോധ്യമുണ്ടാകണമെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും ഉദ്യോഗസ്ഥരും ജീവനക്കാരുമടങ്ങുന്നതാണ് സംസ്ഥാനത്തെ മൂന്നരക്കോടി ജനതക്ക് മികച്ച ഭരണം ഉറപ്പുവരുത്താനുള്ള നിര്‍വ്വഹണ സംവിധാനമെന്നും അഭിപ്രായപ്പെട്ടു.

പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളിന്‍മേലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കേണ്ടതുണ്ടന്ന് മുന്‍ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് അഭിപ്രായപ്പെട്ടു. ന്യായപരമായി ലഭ്യമാകേണ്ട സേവനങ്ങള്‍ക്ക് ശിപാര്‍ശയുമായി വരേണ്ട അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. നയരൂപീകരണത്തില്‍ വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ള അപഗ്രഥനം അനിവാര്യമാണ്. വകുപ്പുകള്‍ ഏകീകരിച്ച് പദ്ധതികളുടെ നിര്‍വഹണത്തിനുവേണ്ടി പ്രവര്‍ത്തിച്ച് സമയം ലാഭിക്കാനും ചെലവുകള്‍ ചുരുക്കാനും കഴിയണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഭരണ ദര്‍ശനം മാറണമെന്നും യൂറോപ്യന്‍ രാജ്യമായ എസ്‌തോണിയയെ പോലെ  ഇ ഗവേണന്‍സില്‍ നിന്നും പ്രെഡിക്റ്റീവ് ഗവേണന്‍സിലേക്ക് ചുവടുമാറണമെന്നും അതിനാവശ്യമായ ഡിജിറ്റല്‍ അടിത്തറ സംസ്ഥാനത്തിനുണ്ടെന്നും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു ചൂണ്ടിക്കാട്ടി. ഇ ഓഫീസില്‍ ഫയലുകള്‍ വേഗം തീര്‍പ്പാക്കുന്നതിന് ഓട്ടോ എസ്‌കലേഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കി ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ക്ക് നല്‍കുന്ന സംവിധാനം ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

മുന്‍ ഡിഫന്‍സ് സെക്രട്ടറിയും കിഫ്ബി ഉപദേശകനുമായ ഡോ. അജയ് കുമാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍ ഇക്കണോമിക് റിസര്‍ച്ച് ഓണ്‍ ഇന്നവേഷന്‍  ചീഫ് ഡയറക്ടര്‍ രസിഗന്‍ മഹാരാജ്, കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണന്‍, ബെംഗളൂരു ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി  പ്രൊഫ: അമിത് പ്രകാശ്, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. എസ്.ആര്‍. മോഹന ചന്ദ്രന്‍ എന്നവരും പാനലിസ്റ്റുകളായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അനിഷ ജയദേവ് മോഡറേറ്ററായി. ആസൂത്രണ ബോര്‍ഡ് അംഗം ഡോ. പി നമശിവായവും സെമിനാറില്‍പങ്കെടുത്തു.