*അടുത്ത വര്‍ഷം മുതല്‍ കേരളീയം കൂടുതല്‍ വിപുലമാക്കും : മന്ത്രി കെ.എന്‍ ബാലഗോപാല്‍

*ഇന്ന് (നവംബര്‍ ഏഴ്) നഗരത്തില്‍ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍: മന്ത്രി ആന്റണി രാജു

*ഇത് ജനങ്ങളുടെ ഉത്സവം: മന്ത്രി ജി.ആര്‍ അനില്‍


ലക്ഷക്കണക്കിന് പേര്‍ സന്ദര്‍ശകരായെത്തിയിട്ടും കാര്യമായ പരാതികളില്ലാതെ ആഘോഷ പരിപാടികള്‍ നടത്താനായത് കേരളീയത്തിന്റെ വിജയമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി. ഇത്രയുമധികം ജനങ്ങള്‍ക്ക് സമാധാനപരമായി ആഘോഷങ്ങള്‍ക്ക് ഒത്തുകൂടാന്‍ പറ്റുന്നത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞ ദിവസം കനകക്കുന്നില്‍ വൈകുന്നേരം ആറു മുതല്‍ പത്തുവരെ ഒരു ലക്ഷത്തിലധികം പേരെത്തി. അഞ്ച് ദിവസങ്ങളിലായി നടന്ന സെമിനാറിലും വന്‍ ജനപങ്കാളിത്തമാണുണ്ടായതെന്നും ഇത് തിരുവനന്തപുരം നഗരത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയം പരിപാടിയുടെ സമാപന സമ്മേളനം, അതിനോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണങ്ങള്‍, സുരക്ഷാ സംവിധാനം എന്നിവയെക്കുറിച്ച് വിശദീകരിക്കാന്‍ കനകക്കുന്ന് പാലസില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരും പങ്കെടുത്തു.

ആദ്യം ആലോചിച്ചതിനേക്കാള്‍ കൂടുതല്‍ നന്നായി കേരളീയം പരിപാടി നടത്താന്‍ കഴിഞ്ഞുവെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഭാവി കേരളത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ രൂപീകരിക്കാനും കേരളീയത്തിനു കഴിഞ്ഞു. ഇത്തവണത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം അതിവിപുലമായ രീതിയില്‍ കേരളീയം പരിപാടികള്‍ സംഘടിപ്പിക്കും. ലോകത്തിന്റെ എല്ലാഭാഗത്തു നിന്നും ആളുകള്‍ക്ക് കേരളത്തിലേക്ക് വരാന്‍ കഴിയുന്ന ഉചിതമായ സമയമാക്കി കേരളീയത്തെ മാറ്റും. കേരളീയത്തിന്റെ പേരില്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന ആരോപണം തെറ്റാണ്.  വിനോദസഞ്ചാരം, വ്യവസായം തുടങ്ങിയ മേഖകള്‍ക്ക് പുത്തനുണര്‍വേകുന്ന ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് ദീര്‍ഘവീഷണത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളീയത്തിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് നഗരത്തില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നഗരത്തിലെ പാര്‍ക്കിംഗ് സെന്ററുകളില്‍ നിന്നും സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കായിരിക്കും സര്‍വീസ്.  75 ദിവസത്തെ തയ്യാറെടുപ്പ് മാത്രമേ ഇത്തവണത്തെ കേരളീയം പരിപാടിക്ക് ലഭിച്ചിട്ടുള്ളൂ. എന്നിട്ടും മാതൃകാപരമായി പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. അടുത്ത തവണത്തെ പരിപാടിക്ക് ഒരു വര്‍ഷം മുഴുവന്‍ തയ്യാറെടുക്കാന്‍ സമയം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനപങ്കാളിത്തം കൊണ്ട് കേരളീയം ജനങ്ങളുടെ ഉത്സവമായി മാറിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. പരിപാടിയുടെ വിജയത്തിന് മാധ്യമങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിമാര്‍ക്ക് പുറമെ ഐ.ബി സതീഷ് എം.എല്‍.എ, സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു, തിരുവനന്തപുരം ഡി.സി.പി നിതിന്‍ രാജ്, മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു എന്നിവരുംപങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷന്‍: കേരളീയം പരിപാടിയുടെ സമാപന സമ്മേളനം, അതിനോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണങ്ങള്‍, സുരക്ഷാ സംവിധാനം എന്നിവയെക്കുറിച്ച് വിശദീകരിക്കാന്‍ കനകക്കുന്ന് പാലസില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍  മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ജി.ആര്‍. അനില്‍, ആന്റണി രാജു, വി.ശിവന്‍കുട്ടി എന്നിവര്‍ സംസാരിക്കുന്നു