സ്വതന്ത്ര മാധ്യമങ്ങള്‍ ഇല്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാകുമെന്ന വിലയിരുത്തലുമായി ‘ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക് രാജ്യത്തെ മാറുന്ന മാധ്യമ രംഗം’- സെമിനാര്‍. സാങ്കേതികവിദ്യയുടെ വികാസത്തെ തുടര്‍ന്ന് വാര്‍ത്തകളുടെ ഫില്‍റ്ററിംഗ് പ്രക്രിയ കുറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം കുറയ്ക്കുകയല്ല സ്വയം നിയന്ത്രണമാണ് ആവശ്യം. ഒറ്റ ശ്വാസത്തില്‍ ജനാധിപത്യം എന്ന് പറയുമ്പോള്‍ മറു ശ്വാസത്തില്‍ മാധ്യമസ്വാതന്ത്ര്യം എന്ന് പറയാനാകണമെന്നും സെമിനാര്‍ വിലയിരുത്തി. ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്നതിന് മുന്‍പ് സ്വയം ബോധ്യപ്പെടണം.
വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്ക് പ്രേക്ഷക പിന്തുണ ലഭിക്കുന്ന സാഹചര്യമുണ്ട്. പണം നല്‍കി നല്ല കണ്ടെന്റുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
സ്വതന്ത്ര മാധ്യമങ്ങളില്ലാത്ത രാജ്യത്തെ ജനാധിപത്യ രാജ്യം എന്ന് വിളിക്കാമോ എന്ന ആശങ്കയാണ് സെമിനാറില്‍ ഉയര്‍ന്നത്. മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും
ലോകമാധ്യമങ്ങള്‍ എന്നറിയപ്പെടുന്ന വിരലിലെണ്ണാവുന്ന മാധ്യമ സ്ഥാപനങ്ങള്‍ പാതി സത്യം മാത്രമാണ് പുറത്തുവിടുന്നത് എന്നു പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സുകള്‍ എടുത്തുകൊണ്ടു പോകുന്നതിനെയും മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെയും സെമിനാര്‍ അപലപിച്ചു. മാധ്യമ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം എന്ന് സെമിനാര്‍ വിലയിരുത്തി. മാധ്യമസ്വാതന്ത്ര്യത്തില്‍ കേരളം ഏറെ മുന്നിലുമാണ്.
കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാറില്‍ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. എതിര്‍ ശബ്ദങ്ങള്‍ ഇല്ലാത്ത ജനസമൂഹമായി ഇന്ത്യയെ മാറ്റുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എതിര്‍ ശബ്ദങ്ങള്‍ക്ക് ഒരു സാധ്യതയും ഇല്ലാത്ത സ്ഥിതി മാധ്യമലോകത്ത് സൃഷ്ടിക്കുകയാണ് ഇന്ത്യയിലെ ഭരണവര്‍ഗം. നാം എന്തു ചിന്തിക്കണം എന്തു പ്രവര്‍ത്തിക്കണം എന്ന് അധികാരി വര്‍ഗം തീരുമാനിക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ കേരളം മാധ്യമ സ്വാതന്ത്ര്യത്തില്‍ മുന്നിലാണ്. കേരളത്തിനു മഹത്തായ മാധ്യമ ചരിത്രമുണ്ട്. മഹത്തായ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജന്മം നല്‍കിയ നാടുമാണ് കേരളം.
തമസ്‌കരിക്കാന്‍ ശ്രമിക്കുന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്ന സ്ഥിതിയാണ് ഇന്ന്. എല്ലാവരും മാധ്യമ പ്രവര്‍ത്തകരായി മാറുന്ന കാലത്ത് നിര്‍മിത ബുദ്ധി പോലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് എന്തും ചെയ്യാനാകും. എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട കാലമാണിതെന്നും മന്ത്രി പറഞ്ഞു
ജോണ്‍ ബ്രിട്ടാസ് എം. പി. മോഡറേറ്ററായി. ബിസിനസ് രംഗത്തെ സ്ഥാപനങ്ങള്‍ മാധ്യമ സംരംഭങ്ങള്‍ ആരംഭിക്കരുതെന്ന് പ്രസ് കമ്മീഷനുകള്‍ ശുപാര്‍ശ ചെയ്തിരുന്നു.എന്നാല്‍ ഇന്ന് ഭൂരിഭാഗം മാധ്യമങ്ങളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നതന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ വാ അടപ്പിക്കുന്ന സമീപനമാണ് ന്യൂസ് ക്ലിക്ക് പോലുള്ള സംഭവങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. മാധ്യമ മേഖലയിലെ മാറ്റങ്ങള്‍ ജനാധിപത്യ സമൂഹം എങ്ങനെ സ്വീകരിക്കുന്നു എന്നത് ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് വിഷയാവതരണം നടത്തി. മലയാള മാധ്യമ മേഖലയുടെ ചരിത്രത്തിലെ നാള്‍വഴികള്‍ അദ്ദേഹം അവതരിപ്പിച്ചു. ആരോഗ്യ സംരക്ഷണം, സാക്ഷരത, ഭരണം, സുസ്ഥിര വികസനം എന്നിവയിലെ ശ്രദ്ധേയമായ സൂചികകളാല്‍ കേരളം മാറി. പക്ഷപാത രഹിതമായ മാധ്യമ പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത മാധ്യമങ്ങളേക്കാള്‍ സമൂഹമാധ്യമങ്ങളാണ് പലപ്പോഴും യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതെന്ന് ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസം ചെയര്‍മാന്‍ ശശികുമാര്‍ പറഞ്ഞു. ഇസ്രായേല്‍ ഹമാസ് യുദ്ധത്തിന്റെ കാര്യത്തിലും യഥാര്‍ത്ഥ സത്യങ്ങള്‍ മറച്ചുവച്ചാണ് ലോക മാധ്യമങ്ങള്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്. പ്രധാനപ്പെട്ട മൂന്ന് അന്താരാഷ്ട്ര ഏജന്‍സികളാണ് മറ്റുള്ള രാജ്യങ്ങള്‍ക്കെല്ലാം വാര്‍ത്തകള്‍ നല്‍കുന്നത് വാര്‍ത്തയുടെ ഉല്‍പാദനത്തിന്റെ 85 ശതമാനവും ഇവരാണ് കൈകാര്യം ചെയ്യുന്നത് അതിനാല്‍ തന്നെ പാതി സത്യങ്ങളാണ് പലപ്പോഴും പുറത്തുവരുന്നത്. സമൂഹമാധ്യമങ്ങളുടെ അമിത സ്വാതന്ത്ര്യം നല്ല പ്രവണത അല്ലെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും ഇല്ലാതാകുന്ന വിധത്തില്‍ മാധ്യമ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് കണ്‍ഫ്‌ലുവെന്‍സ് മീഡിയ സ്ഥാപകനും സി ഇ ഒയുമായ ജോസി ജോസഫ് അഭിപ്രായപ്പെട്ടു.
ദേശീയ തലത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ബീറ്റുകള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വ്യാജവാര്‍ത്തകളുടെ സൂചനകള്‍ ലഭിക്കാനുള്ള സാധ്യത ഏറെയാണെന്ന് ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റര്‍ വിജൈതാ സിംഗ് പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തണം. ഇത്തരം സൂചനകളില്‍ കൃത്യമായ അന്വേഷണം നടത്തി മാത്രമേ വാര്‍ത്തകള്‍ നല്‍കാവൂ. ഇല്ലെങ്കില്‍ നിങ്ങളുടെ സ്വന്തം പേരില്‍ വ്യാജ വാര്‍ത്തകള്‍ പുറത്തു വന്നേക്കാം , അവര്‍ കൂട്ടിച്ചേര്‍ത്തു.
കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഏറെ ജാഗ്രതയോടെ പ്രവര്‍ത്തിച്ചെന്ന് ദി ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍. രാജഗോപാല്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലായിരുന്നു എങ്കില്‍ വ്യാപകമായ കലാപം ഉണ്ടാകുന്നതിനുള്ള എല്ലാ സാധ്യതകളും ആ സംഭവത്തിനുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയത്. ന്യൂസ് റൂമുകളിലെ അരാഷ്ട്രീയത പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തലക്കെട്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നല്ല ജാഗ്രത പാലിക്കുകയും വേണം.
ഏകാധിപത്യ രാജ്യങ്ങളിലെ പ്രവണതയാണ് ഇന്ന് മാധ്യമ സ്വാതന്ത്ര്യവുമായി ബസപ്പെട്ട് കാണുന്നതെന്ന് ഓപ്പണ്‍ മാഗസിന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍.പി. ഉല്ലേഖ് പറഞ്ഞു. മാധ്യമ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം അധികാര കേന്ദ്രങ്ങള്‍ നിര്‍ണയിക്കുന്ന സാഹചര്യം അപകടകരമാണ്.
എന്താണ് വിവരങ്ങളായി നല്‍കേണ്ടതന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന അവസ്ഥ ശരിയല്ലെന്ന് ദി വയര്‍ സ്ഥാപക എഡിറ്റര്‍ എം. കെ.വേണു പറഞ്ഞു. പത്രപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ പിടിച്ചെടുക്കുന്നത് അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സ്ഥിതിവിശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മാധ്യമങ്ങളുടെ അപചയത്തെക്കുറിച്ചാണ് ദി വയര്‍ എഡിറ്റര്‍ സീമ ചിസ്തി സംസാരിച്ചത്. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവരും സെമിനാറില്‍പങ്കെടുത്തു.