കൃഷിയിലൂടെ സാമ്പത്തിക അഭിവൃദ്ധി മാത്രമല്ല എല്ലാവരുടെയും ആരോഗ്യ സംരക്ഷണത്തിന് കൂടി പ്രാധാന്യം നല്‍കണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. അതിനായി ആരോഗ്യപ്രദമായ കൃഷി രീതിയും അവലമ്പിക്കേണ്ടതുണ്ട്. മുക്കംവാലയില്‍ ബണ്ട് നിര്‍മ്മാണത്തിന്റെ അടിസ്ഥാന സൗകര്യ പ്രവര്‍ത്തികളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി

പോഷക സമൃദ്ധി മിഷന്റെ ഭാഗമായി 25 ലക്ഷം കുടുംബങ്ങളില്‍ ഈ വര്‍ഷം കൃഷി ആരഭിക്കും. ലോകാരോഗ്യ സംഘടന പറയുന്ന പോഷക സമൃദ്ധമായ ആഹാരം നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തണം. കേരളത്തിലെ ഓരോ മേഖലയ്ക്കും അനുയോജ്യമായ ഗുണമേന്മയും പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ നമ്മുടെ ഫുഡ് പ്ലേറ്റില്‍ ഉള്‍ക്കൊള്ളിക്കുന്നതിനെക്കുറിച്ച ബോധവത്ക്കരണം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി സജി ചെറിയാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളുടെ ഭാഗമായി 5 കോടി രൂപാ വിനിയോഗിച്ചാണ് ബണ്ടിന്റെ നിര്‍മാണം. ബണ്ട് ഒരു മീറ്റര്‍ പൊക്കിയാല്‍ നേരത്തെ തന്നെ കൃഷി ഇറക്കാനും വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന വിളനഷ്ടം ഒഴിവാക്കാനും സാധിക്കും.

മുക്കം അയ്യന്‍കാളി പ്രതിമയ്ക്കു സമീപം നടന്ന ചടങ്ങില്‍ ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. കൃഷി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.കെ. രാജ് മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി രത്നാകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. സുകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ ശ്രദ്ധേയം, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ശാലിനി രഘുനാത്, വി.ആര്‍ ശിവപ്രസാദ്, വത്സല ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില്‍ അമ്പിളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരന്‍, സെലീന നൗഷാദ്, ചെങ്ങന്നൂര്‍ എ.ടി.എ. മായ എന്‍. ഗോപാലകൃഷ്ണന്‍, മാന്നാര്‍ കൃഷി ഓഫീസര്‍ പി.സി ഹരികുമാര്‍, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.ജി അമ്പിളി, സംയുക്ത പാടശേഖര സമിതി പ്രസിഡന്റ് ശിഹാബുദ്ദീന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.ടി ശശിധരന്‍, സുജിത്ത് ശ്രീരംഗം, ജി. ഹരികുമാര്‍, കെ.എം അശോകന്‍, എന്‍.എ. സുബൈര്‍, പി.ജി മുരുകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുരട്ടിശ്ശേരി നെല്‍കൃഷി വികസന സമിതിയുടെ പരിധിയിലുള്ള 1200 ഏക്കര്‍ വരുന്ന എട്ടു പാടശേഖരങ്ങളില്‍ ഇതോടെ ഒരു കൃഷി എന്നത് രണ്ട് കൃഷിയാക്കാന്‍ സാധിക്കും. മുക്കം മുതല്‍ വാലയില്‍ വരെ 4600 മീറ്റര്‍ പുറംബണ്ട് ഉയര്‍ത്തി സംരക്ഷിക്കുക, ട്രാക്ടര്‍ റാമ്പുകള്‍, സന്യാസി പാടത്തില്‍ പൈപ്പ് കള്‍വെട്ട് സ്ഥാപിക്കുക, സന്യാസി 45 പാടത്തില്‍ 1200 മീറ്റര്‍ ബണ്ട് ഉയര്‍ത്തുക, കുടവെള്ളരി എ പാടത്തിന് ബോക്‌സ് കള്‍വെര്‍ട്ട് നിര്‍മ്മിക്കുക, നാലുതോട് ഭാഗത്ത് പെട്ടിച്ചാല്‍ പുനര്‍ നിര്‍മ്മിക്കുക, കുട വെള്ളരിയില്‍ സ്ലൂയിസ് നിര്‍മ്മിക്കുക, കുട വെള്ളരിയിലും നാലുതോടിലും മോട്ടോര്‍ ഷെഡ്ഡുകള്‍ നിര്‍മ്മിക്കുക എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്