പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, കേരള ചലച്ചിത്ര അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള സാഹിത്യ അക്കാദമിയില്‍ കുട്ടികള്‍ക്കായി ജില്ലാതല ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. ചലച്ചിത്രോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശശിധരന്‍ അധ്യക്ഷത വഹിച്ചു. യുവ സംവിധായിക വി.എസ്. ഇന്ദു മുഖ്യാതിഥിയായി.

ചലച്ചിത്രമെന്ന മാധ്യമത്തെ ആഴത്തില്‍ അറിയുക, സിനിമാസ്വാദനത്തിന്റെ പുതിയ സംസ്‌കാരം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടാണ് പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പരിപാടി നടത്തിയത്. ജില്ലയിലെ 18 ബിആര്‍സി കളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200 കുട്ടികള്‍ പങ്കെടുത്തു.

ഉദ്ഘാടനപരിപാടിക്ക് ശേഷം മികച്ച തിരക്കഥക്കുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ കുട്ടികളുടെ ഹൃസ്വ ചിത്രമായ റെഡ് ബലൂണ്‍, വേര്‍ ഈസ് മൈ ഫ്രണ്ട്സ് ഹൗസ്, സൂ, അമേരിക്ക അമേരിക്ക തുടങ്ങി ഷോര്‍ട് ഫിലിമുകളും ഡോക്യൂമെന്ററികളും, മ്യൂസിക് ആല്‍ബങ്ങളും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഫാദര്‍ ബെന്നി ബെനഡിക്ടിന്റേയും, ഷാജി ഇ.യു വിന്റേയും നേതൃത്വത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍കുട്ടികളുടെ അഭിപ്രായങ്ങളും സംശയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.

പ്രോഗ്രാം ഓഫീസര്‍മാരായ ബ്രിജി കെ.ബി, ജോളി വി.ജെ, ജയ്‌സണ്‍ സി.പി, തൃശ്ശൂര്‍ ചേതന കോളേജ് ഓഫ് മീഡിയ ആന്റ് പെര്‍ഫോമിങ് ആര്‍ട്‌സ് പ്രിന്‍സിപ്പാള്‍ ഫാ. ബെന്നി ബെനഡിക്ട്, ചലച്ചിത്ര പ്രവര്‍ത്തകനും അധ്യാപകനുമായ ഷാജി ടി.യു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.