ആലപ്പുഴ: ലൈഫ് മിഷൻ വഴി നിർമ്മിക്കുന്ന വീടുകൾക്ക് സൗജന്യമായി കട്ടകൾ നിർമ്മിച്ചു നൽകുകയാണ് ഹരിപ്പാട് ബ്ലോക്കിലെ രണ്ട് ഗ്രാമപഞ്ചായത്തുകൾ. പള്ളിപ്പാട്, കരുവാറ്റ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് നിലവിൽ സൗജന്യമായി കട്ടകൾ നിർമ്മിച്ചു നൽകുന്നത്. കരുവാറ്റ ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച മൂന്ന് അംഗങ്ങൾ അടങ്ങുന്ന ഒരു കട്ട നിർമ്മാണ യൂണിറ്റു വഴി 2400 കട്ടകളാണ് നിർമ്മിക്കുന്നത്. നിലവിൽ ഇവിടെ നിർമ്മിക്കുന്ന കട്ടകൾ പ്രദേശത്തെ രണ്ട് വീടുകളുടെ നിർമ്മാണാവശ്യങ്ങൾക്കായി ഉപയോഗിക്കും. കരുവാറ്റ ഗ്രാമപഞ്ചായത്തിലെ കട്ടകളുടെ വിതരണോത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി നിർവ്വഹിച്ചു. 12,13 വാർഡുകളിലെ രമാഭായി, പ്രിയേഷ് എന്നീ വ്യക്തികൾക്കാണ് പ്രാരംഭ ഘട്ടത്തിൽ കട്ടകൾ ലഭിക്കുന്നത്. 1200 കട്ടകൾ വീതമാണ് ഭവന നിർമ്മാണത്തിനായി സൗജന്യമായി നൽകുന്നത്. കട്ടകൾ നിർമ്മിച്ചു നൽകുന്നതിനൊപ്പം വീട്ടുടമ തൊഴിലുറപ്പ് അംഗമാണെങ്കിൽ ഭവന നിർമ്മാണത്തിൽ ഏർപ്പെടാനായി 90 ദിവസത്തെ തൊഴിൽ ദിനവും ഈ കാലയളവിൽ ഇവർക്കു നൽകുമെന്നതും പ്രത്യേതകയാണ്.

പൊതുവിപണിയിൽ ഒരു കട്ടയ്ക്ക് 15 മുതൽ 20 രൂപ വരെയുള്ളപ്പോൾ അത് സൗജന്യമായി നിർമിച്ചു നൽകുകയാണ് ഈ രണ്ട് പഞ്ചായത്തുകളും. ദേശീയ തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരമാണ് വീടുകൾക്കാവശ്യമുള്ള കട്ടകൾ പഞ്ചായത്ത് നിർമ്മിക്കുന്നത്. ഒരു ദിവസം ഒരു തൊഴിലാളി 20 മുതൽ 25 വരെ കട്ടകളാണ് നിർമ്മിക്കുന്നത്.
വീടുപണിയാനുള്ള കട്ട നൽകുന്നതിനോടൊപ്പം ഇതുവഴി പഞ്ചായത്തിലെ തൊഴിൽ രഹിതർക്ക് കട്ട നിർമാണം തൊഴിൽ മാർഗവുമാക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു. കട്ടകളുടെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കാൻ കൂടുതൽ കട്ട നിർമ്മാണ യൂണിറ്റുകൾ വരും ദിവസങ്ങളിൽ ആരംഭിക്കും. കരുവാറ്റ ഗ്രാമപഞ്ചായത്തിൽ നടന്ന കട്ട വിതരണോത്ഘാടനത്തിൽ കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുജാത അധ്യക്ഷത വഹിച്ചു. സുരേഷ് കളരിക്കൽ, ചന്ദ്രവതി, മോഹനൻ പിള്ള, രാധമ്മ, കെ. ആർ. രാജൻ, ദീപ്തി നായർ, അഖിൽ, അമ്പിളി എന്നിവർ പ്രസംഗിച്ചു.