തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുള്ള പ്രതിമാസ ഗ്രാന്റ് 1100 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിലവിലെ ജീവിത ചെലവ് വര്‍ധിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് ഇവരുടെ ഗ്രാന്റ് വര്‍ധിപ്പിക്കുന്നത്. ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍, വൃദ്ധ സദനങ്ങള്‍, യാചക മന്ദിരങ്ങള്‍, വികലാംഗങ്ങള്‍ക്ക് വേണ്ടിയുള്ള സ്ഥാപനങ്ങള്‍, മറ്റ് ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുള്ള അന്തേവാസികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

അനാഥാലയങ്ങളുടേയും മറ്റ് ധര്‍മ്മ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ സംസ്ഥാനതല അവലോകന യോഗത്തില്‍ ഇവരുടെ ഗ്രാന്റ് വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഈ സ്ഥാപനങ്ങളിലെല്ലാം കൂടി 38,960 പേരെയാണ് സംരക്ഷിച്ച് വരുന്നത്. ഇവരെ സംരക്ഷിക്കുന്ന ക്ഷേമ സ്ഥാപനങ്ങള്‍ക്കാണ് ഗ്രാന്റ് നല്‍കുന്നത്. അന്തേവാസികളുടെ ദൈനംദിന ചെലവുകള്‍ക്കും മറ്റുമാണ് ഈ തുക ചെലവഴിക്കുക.