ഐ.എസ്.ഒ അംഗീകാരവുമായി തൃശ്ശൂര്‍ റൂറല്‍ പോലീസ് ആസ്ഥാന മന്ദിരം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍
പോലീസ് സംവിധാനത്തെ ഒന്നടങ്കം ജനപക്ഷ രീതിയില്‍ എത്തിക്കുന്നതില്‍ കേരളം പരിപൂര്‍ണ്ണ വിജയം കൈവരിച്ചതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. തൃശ്ശൂര്‍ റൂറല്‍ പോലീസ് ജില്ലാ ആസ്ഥാന മന്ദിരം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്കുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് കൈമാറ്റം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പോലീസിന്റെ പരുക്കന്‍ നയമൊക്കെ ഇന്ന് പഴങ്കഥകളാണ്. പൊതുസമൂഹത്തോട് സൗഹാര്‍ദ്ദപരമായി ഇടപെട്ടുകൊണ്ട് നിയമ – നീതി നിര്‍വ്വഹണങ്ങളില്‍ ഉത്തരവാദിത്വപരമായ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇന്ന് പോലീസ് സംവിധാനത്തിന് കഴിയുന്നുണ്ട്. ഇക്കാര്യത്തില്‍ ചാരിതാര്‍ത്ഥ്യവും അഭിമാനവും ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരസ്പരസൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ സമാധാനത്തിലുള്ള ജീവിതം ഉറപ്പുവരുത്താന്‍ കഴിയുള്ളൂ എന്നും ഉദ്ഘാടന പ്രഭാഷണത്തില്‍ മന്ത്രി പറഞ്ഞു.
ചടങ്ങില്‍ തൃശ്ശൂര്‍ റൂറല്‍ പോലീസ് ആസ്ഥാന മന്ദിരം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവര്‍ക്കുള്ള ഐ.എസ്.ഒ 9001 സര്‍ട്ടിഫിക്കറ്റ് മന്ത്രി ഡോ. ആര്‍. ബിന്ദു വിതരണം ചെയ്തു. തൃശ്ശൂര്‍ റൂറല്‍ പോലീസ് ആസ്ഥാന മന്ദിരത്തിന്റെ ഐ.എസ്.ഒ 9001 സര്‍ട്ടിഫിക്കറ്റ് ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെ ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് ഇരിങ്ങാലക്കുട എസ്.എച്ച്.ഒ അനീഷ് കരീം, കൊടുങ്ങല്ലൂര്‍ എസ്.എച്ച്.ഒ ഇ.ആര്‍. ബൈജു എന്നിവര്‍ ഏറ്റുവാങ്ങി.
തൃശ്ശൂര്‍ റേഞ്ച് ഡിഐജി അജിത ബീഗം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ വിശിഷ്ടാതിഥിയായി. ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെ, എസ്.എം.എസ് പ്രൈവറ്റ് ലിമിറ്റഡ് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എന്‍. ശ്രീകുമാര്‍, തൃശ്ശൂര്‍ റൂറല്‍ അഡ്മിനിസ്‌ട്രേഷന്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് പ്രദീപ് എന്‍. വെയില്‍സ്, ഇരിങ്ങാലക്കുട വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍. ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.