കൊച്ചി: നഗരങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കി അതില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ റസിഡന്‍സ് അസോസിയേഷന്‍ കൂട്ടായ്മയായ എഡ്രാക്കിന്റെ ആഭിമുഖ്യത്തില്‍ ഇഎംഎസ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടത്തിയ ഇ-മാലിന്യ സംസ്‌കരണം ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയം നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം മനുഷ്യത്വമാണ്. ഉച്ചനീചത്വമില്ലാതെ കേരളക്കര ഒന്നാകെ പ്രവര്‍ത്തിച്ചു. കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിയിലും ഈ ഐക്യം വേണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ പ്രളയാനന്തരം ഏറ്റവും വലിയ പ്രശ്‌നമായി മാറിയ ഇ-മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ക്ലീന്‍ കേരള മിഷന്‍ മുന്‍ എം.ഡി. കബീര്‍ ബീ ഹാറൂണ്‍ ക്ലാസുകള്‍ നയിച്ചു. ഇ-മാലിന്യങ്ങളെ സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നതിനെയും അതിലടങ്ങിയിരിക്കുന്ന ലെഡ്, കാഡ്മിയം, മെര്‍ക്കുറി തുടങ്ങിയ മാരക വിഷവസ്തുക്കള്‍ ഭൂമിയിലുണ്ടാകുന്ന വിപത്തുകളെ പറ്റിയും ക്ലാസില്‍ വിശദമായി പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഹരിത കേരള മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, ജി ജെ നേച്ചര്‍ കെയര്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്, എഡ്രാക്ക് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ജി.സി.ഡി.എ ചെയര്‍മാന്‍ അഡ്വ.വി സലിം, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍സണ്‍ പാട്ടത്തില്‍, എഡ്രാക്ക് പ്രസിഡന്റ് പി. രംഗദാസ പ്രഭു, സെക്രട്ടറി ടി.എസ്. മാധവന്‍, ട്രാക്ക് പ്രസിഡണ്ട് കെ.എം അബ്ബാസ്, ജനറല്‍ സെക്രട്ടറി കെ.കെ. രഘുരാജ്, ജില്ലാ സെക്രട്ടറി അതികായന്‍, ട്രഷറര്‍ മനോജ് ഭാസ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ദുരിതാശ്വാസ ഫണ്ടിലേക്ക് ജില്ലയിലെ റെസിഡന്‍സ് അസോസിയേഷനുകള്‍ 70 ലക്ഷം നല്‍കി
കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി ജില്ലയിലെ റെസിഡന്‍സ് അസോസിയേഷന്‍ കൂട്ടായ്മയായ എഡ്രാക്ക് സമാഹരിച്ച 70 ലക്ഷം രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് കൈമാറി. ഇഎംഎസ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ എഡ്രാക്ക് പ്രസിഡന്റ് പി. രംഗദാസ പ്രഭുവാണ് ചെക്ക് കൈമാറിയത്. കൂടാതെ പ്രളയ സമയത്തെ കേരളത്തിന്റെ അവസ്ഥകളെ കുറിച്ച് പ്രതിപാദിക്കുന്ന എഡ്രാക്ക് ന്യൂസ് എന്ന മാഗസിന്‍ പ്രകാശനം ജിസിഡിഎ ചെയര്‍മാന്‍ അഡ്വ. വി. സലിം നിര്‍വഹിച്ചു